ADVERTISEMENT

ബ്രിസ്ബെയ്ൻ∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ 122 റൺസ് വിജയവുമായി, പരമ്പര പിടിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി 372 റൺസെന്ന വമ്പൻ വിജയലക്ഷ്യമുയർത്തിയ ഓസീസ് ഇന്ത്യയെ 249 റൺസിനു പുറത്താക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2–0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കായി എലിസ് പെറി (75 പന്തിൽ 105), ജോർജിയ വോൽ (87 പന്തിൽ 101) എന്നിവർ സെഞ്ചറി നേടി. ആറു സിക്സുകളും ഏഴു ഫോറുകളുമാണ് എലിസ് പെറി ബൗണ്ടറി കടത്തിയത്.

ജോർജിയ വോൽ 12 ഫോറുകൾ നേടി. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയ്ക്കു വേണ്ടി മുൻനിര ബാറ്റർമാരെല്ലാം തിളങ്ങി. ഓപ്പണർ ഫോബെ ലിച്ച് ഫീൽഡ് (63 പന്തിൽ 60), ബെത്ത് മൂണി (44 പന്തിൽ 56) എന്നിവർ അർധ സെഞ്ചറി നേടി. സൈമ തോമർ ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മലയാളി താരം മിന്നു മണി ഒൻപതോവറിൽ 71 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണര്‍ സ്മൃതി മന്ഥാനയെയും (9), ഹർലീന്‍ ഡിയോളിനെയും (12) ഇന്ത്യയ്ക്കു നഷ്ടമായി. 72 പന്തിൽ 54 റൺസെടുത്ത ഓപ്പണർ റിച്ച ഘോഷ് അർധ സെഞ്ചറിയുമായി തിളങ്ങി. മിന്നു മണി (45 പന്തിൽ 46), ജെമീമ റോഡ്രിഗസ് (39 പന്തിൽ 43), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (42 പന്തിൽ 38) എന്നിവരും പൊരുതിനിന്നെങ്കിലും ഓസ്ട്രേലിയ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിനു മുന്നിൽ അതു മതിയാകുമായിരുന്നില്ല. 

44.5 ഓവറിൽ 249 റൺസെടുത്ത് ഇന്ത്യ പുറത്താകുകയായിരുന്നു. ഓസീസിനായി അനബെൽ സതര്‍ലാൻഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 11 ന് നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് വിജയം നേടിയിരുന്നു.

English Summary:

Australia Women beat India Women for 122 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com