ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടു ദിവസം മുൻപേ തീർന്നെന്നു കരുതി വെറുതേ ഹോട്ടൽ മുറിയിലിരിക്കാതെ ഇന്ത്യൻ താരങ്ങൾ കഠിനമായ പരിശീലനം നടത്തണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ  ഗാവസ്കർ. ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിലുള്ള 57 ദിവസത്തിൽ കളിയുള്ള ദിവസങ്ങൾ ഒഴിവാക്കിയാലും 30 ദിവസം ബാക്കിയാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. പെർത്ത് ടെസ്റ്റ് ഒരു ദിവസവും അഡ്‌ലെയ്ഡ് ടെസ്റ്റ് 2 ദിവസവും നേരത്തേ തീർന്നതിനാൽ ഒഴിവു ദിവസങ്ങൾ കൂടി. ഈ ദിവസങ്ങൾ വേറുതേ കളയാതെ ഗ്രൗണ്ടിലിറങ്ങി കഠിനാധ്വാനം ചെയ്യാൻ ഗാവസ്കർ ആഹ്വാനം ചെയ്തു.

‘‘പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ മൂന്നു മത്സരങ്ങളുള്ള പരമ്പരയായി കണക്കാക്കുക. ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണെന്ന കാര്യം പൂർണമായും മറക്കുക. ഇനിയുള്ള ദിവസങ്ങൾ ഇന്ത്യൻ‌ ടീം പരിശീലനത്തിനായി സമ്പൂർണമായി വിനിയോഗിക്കുന്നതു കാണാനാണ് എനിക്കു താൽപര്യം. പരിശീലന സെഷനുകൾ സുപ്രധാനമാണ്. ഈ ദിവസങ്ങളിൽ വെറുതേ ഹോട്ടൽ മുറിയിലിരുന്ന് സമയം കളയരുത്. നിങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാൻ വന്നതാണെന്ന കാര്യം മറക്കരുത്. 

‘‘ഒരു ദിവസം മുഴുവൻ പരിശീലനം നടത്തണമെന്ന പറയുന്നത്. രാവിലെയോ ഉച്ചയ്ക്കു ശേഷമോ, നിങ്ങൾക്ക് താൽപര്യമുള്ള ഒരു സെഷനിൽ പരിശീലനം നടത്തുക. പക്ഷേ, ഈ ദിവസങ്ങളിൽ മുറിയിലിരുന്ന് വെറുതേ സമയം കളയരുത്. ഈ മത്സരം അഞ്ച് ദിവസം നീണ്ടിരുന്നെങ്കിൽ നിങ്ങൾ ഇവിടെ ടെസ്റ്റ് കളിക്കേണ്ടതായിരുന്നുവെന്ന് മറക്കരുത്.

‘‘ഇഷ്ടമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാമെന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ ശരിയല്ല. താൽപര്യമുള്ളവർ പരിശീലനം നടത്തിയാൽ മതിയെന്ന തീരുമാനം കൈക്കൊള്ളേണ്ടത് പരിശീലകനും ക്യാപ്റ്റനുമായിരിക്കണം. ‘നീ ഈ മത്സരത്തിൽ 150 റൺസ് അടിച്ചില്ലേ, പരിശീലനത്തിന് വരേണ്ട. നീ ഈ മത്സരത്തിൽ 40 ഓവർ ബോൾ ചെയ്തില്ലേ, പരിശീലനത്തിനു വരേണ്ട’ – ഇതു പറയേണ്ടത് ക്യാപ്റ്റനോ പരിശീലകനോ ആയിരിക്കണം. അല്ലാതെ കളിക്കാരായിരിക്കരുത്. പരിശീലനത്തിനു വരണമോ എന്നു തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്കു കൊടുത്താൽ കൂടുതൽ പേരും മിക്കവാറും മുറി അടച്ചിട്ട് ഇരിക്കുകയേള്ളൂ. ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടത് അതല്ല.

‘‘ക്രിക്കറ്റിനായി പൂർണമായി സമർപ്പിച്ചിട്ടുള്ള ആളുകളെയാണ് ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യം. ഇന്ത്യയ്ക്കായി കളിക്കുന്നത് ഒരേസമയം ബഹുമതിയും ആനുകൂല്യവുമാണ്. ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിൽ എത്ര ദിവസമുണ്ടായിരിക്കുമെന്ന് ഞാൻ കണക്കുകൂട്ടി നോക്കി. 57 ദിവസമാണ് അവർ ഇവിടെയുണ്ടാവുക. ഈ 57 ദിവസത്തിൽ അഞ്ച് ടെസ്റ്റുകൾ നടക്കുന്ന ദിവസങ്ങൾ ഒഴിവാക്കിയാലും 32 ദിവസം ബാക്കിയുണ്ട്. രണ്ടു ദിവസം പരിശീലന മത്സരത്തിനെടുത്തത് ഒഴിവാക്കിയിട്ടും 30 ദിവസം ബാക്കിയാണ്. മാത്രമല്ല, കളി നേരത്തേ തീർന്നതുകൊണ്ട് പെർത്തിൽ ഒരു ദിവസവും അഡ്‍ലെയ്ഡിൽ രണ്ടു ദിവസവും വെറുതേ കിട്ടി.

‘‘ഇത്രയും സമയം പാഴാക്കാതെ ദയവു ചെയ്ത് ഗ്രൗണ്ടിൽ വന്ന് കഠിനായി പരിശീലിക്കുക. ജസ്പ്രീത് ബുമ്ര പരിശീലനത്തിനു വരണമെന്ന് ഞാൻ കരുതുന്നില്ല. വിരാട് കോലി, രോഹിത് ശർമ എന്നിവരും പരിചയസമ്പന്നരായതിനാൽ പരിശീലനത്തിനു വരാൻ താൽപര്യമില്ലെങ്കിൽ ഒഴിവാക്കാം. ബാക്കിയുള്ളവരെല്ലാം നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്നാണ് എന്റെ അഭ്യർഥന’ – ഗാവസ്കർ പറഞ്ഞു.

English Summary:

Don't Waste Time in Hotel, No Room for Optional Practice Sessions, Says Sunil Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com