നന്നായി പന്തെറിഞ്ഞെന്ന് സിറാജിനോട് പറഞ്ഞു, മറുപടി അദ്ഭുതപ്പെടുത്തി: പ്രതികരിച്ച് ട്രാവിസ് ഹെഡ്
Mail This Article
അഡ്‍ലെയ്ഡ്∙ രണ്ടാം ടെസ്റ്റിൽ സിറാജിന്റെ പന്തിൽ ബോൾഡായപ്പോൾ നന്നായി പന്തെറിഞ്ഞെന്നാണ് അദ്ദേഹത്തോടു പറഞ്ഞതെന്ന് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. എന്നാൽ ഇതു ശ്രദ്ധിക്കാതിരുന്ന സിറാജ് തന്നോട് കണ്ണുരുട്ടുകയും ഇറങ്ങിപ്പോകാൻ ആംഗ്യം കാണിക്കുകയും ചെയ്തെന്ന് ട്രാവിസ് ഹെഡ് രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷം പ്രതികരിച്ചു. മത്സരത്തിൽ 141 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 140 റൺസെടുത്താണു പുറത്തായത്.
സിറാജിന്റെ പന്തിൽ ഓസീസ് ബാറ്റർ ബോൾഡാകുകയായിരുന്നു. തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ട്രാവിസ് ഹെഡിനെ തുറിച്ചുനോക്കിയ സിറാജ് ഇറങ്ങിപ്പോകാൻ ആംഗ്യം കാണിക്കുന്നതും, ട്രാവിസ് ഹെഡ് തിരിച്ച് എന്തോ പറഞ്ഞ ശേഷം ഗ്രൗണ്ട് വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘‘നന്നായി പന്തെറിഞ്ഞുവെന്നാണ് ഞാൻ സിറാജിനോടു പ്രതികരിച്ചത്. പക്ഷേ സംഭവിച്ചത് വേറൊന്നായിരുന്നു. അതില്‍ നിരാശയുണ്ട്.’’– ട്രാവിസ് ഹെഡ് വ്യക്തമാക്കി.
‘‘സിറാജ് അങ്ങനെയാണു പ്രതികരിക്കാൻ താൽപര്യപ്പെടുന്നതെങ്കിൽ അതു തന്നെയായിരിക്കട്ടെ. സിറാജ് പറഞ്ഞപ്പോൾ ഞാനും കുറച്ചു തിരിച്ചുപറഞ്ഞിട്ടുണ്ട്. ഞാൻ കളിച്ച രീതി വച്ച് കുറച്ചുകൂടി മെച്ചപ്പെട്ട പ്രതികരണം അർഹിക്കുന്നുണ്ടായിരുന്നു. മത്സരത്തിലെ സാഹചര്യം നോക്കിയാലും ഈ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്.’’– ഹെഡ് പ്രതികരിച്ചു.
ആദ്യ ഇന്നിങ്സിൽ 24.3 ഓവറുകൾ പന്തെറിഞ്ഞ സിറാജ് 98 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം ബോളിങ്ങിനിടെ ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്നു നേരെ സിറാജ് പന്ത് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. സിറാജ് റൺഅപ് പൂർത്തിയാക്കിയതിനു പിന്നാലെ ലബുഷെയ്ൻ ബാറ്റിങ്ങിൽനിന്ന് പിൻവാങ്ങിയതിനെ തുടർന്നായിരുന്നു സിറാജ് പന്ത് വലിച്ചെറിഞ്ഞത്.