‘എല്ലാവർക്കും റിച്ചഡ്സോ സേവാഗോ ആകാൻ കഴിയില്ല; ടെസ്റ്റ് ക്രിക്കറ്റ് പ്രതിരോധത്തിന്റെ കൂടി കളിയാണെന്ന് ഇന്ത്യ മറന്നു’
Mail This Article
ചെറുത്തുനിൽപിനു പോലും ശ്രമിക്കാതെ വെറും രണ്ടര ദിവസം കൊണ്ടാണ് അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോൽവി വഴങ്ങിയത്. ടെസ്റ്റ് മത്സരങ്ങളിൽ, പ്രത്യേകിച്ച് പിങ്ക് ബോൾ ടെസ്റ്റിൽ ഓപ്പണിങ് ബാറ്റർമാരുടെ പ്രധാന്യം പലവട്ടം ചർച്ച ചെയ്തതാണ്. മുൻ കാലങ്ങളിലൊക്കെ ഓപ്പണർമാരെ പുറത്താക്കാൻ എതിർ ടീം ബോളർമാർ വളരെ പ്രയാസപ്പെടാറുണ്ടായിരുന്നു. ഓപ്പണർമാർ നൽകുന്ന തുടക്കമാണ് പലപ്പോഴും മത്സരങ്ങളുടെ ഫലം നിർണയിക്കാറുള്ളതും.
ഓപ്പണർമാർ പരാജയപ്പെട്ടാൽ ആ റോൾ ഏറ്റെടുക്കാൻ മുൻനിര ബാറ്റർമാർക്ക് സാധിക്കണം. രണ്ടാം ടെസ്റ്റിൽ നേഥൻ മക്സ്വീനി– മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ട് അപ്രകാരമായിരുന്നു. അവർ ഒരുക്കിനൽകിയ അടിത്തറയാണ് ട്രാവിസ് ഹെഡിന് മികച്ച ഇന്നിങ്സ് കളിക്കാൻ സഹായമായത്. എന്നാൽ, അത്തരമൊരു ഇന്നിങ്സ് കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല.
എല്ലാവർക്കും വിവിയൻ റിച്ചഡ്സോ വീരേന്ദർ സേവാഗോ ആകാൻ സാധിക്കില്ലെന്ന് ഓർക്കണം. ടെസ്റ്റ് ക്രിക്കറ്റ് പ്രതിരോധത്തിന്റെകൂടി കളിയാണ്. പരമാവധി പന്തുകൾ നേരിടുകയെന്ന ലക്ഷ്യംകൂടി ടെസ്റ്റിലുണ്ട്. അത് ഇന്ത്യൻ ബാറ്റർമാർ മറന്നു.
പിങ്ക് ബോളിൽ എത്ര മനോഹരമായി പന്തെറിയാമെന്ന് മിച്ചൽ സ്റ്റാർക് ആദ്യ ഇന്നിങ്സിൽ തന്നെ കാണിച്ചുതന്നിട്ടും അത് അനുകരിക്കാനോ മികച്ച ലെങ്ത്തിൽ പന്തെറിയാനോ ഇന്ത്യൻ ബോളർമാർക്കു കഴിഞ്ഞില്ല.