3 വർഷം മുൻപത്തെ മധുരിക്കുന്ന ഓർമകളുമായി ‘ഭാഗ്യവേദി’യായ ഗാബയിൽ മൂന്നാം ടെസ്റ്റിന് ഇന്ത്യ; ലൈനപ്പിൽ ആശങ്ക– വിഡിയോ
Mail This Article
ബ്രിസ്ബെയ്ൻ ∙ പെർത്ത് ടെസ്റ്റിലെ വിജയാഘോഷത്തിന്റെ കൊടുമുടിയിൽ നിന്ന് കനത്ത തോൽവിയുടെ പടുകുഴിയിലേക്ക് ടീം ഇന്ത്യ വീണത് ഒരൊറ്റ മത്സരത്തിനുള്ളിലാണ്. അഡ്‌ലെയ്ഡിലെ 10 വിക്കറ്റ് തോൽവിയുടെ നീറ്റൽ മറന്ന്, പരമ്പരയിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് നാളെ മൂന്നാം ടെസ്റ്റ്. ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ നാളെ രാവിലെ 6 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യത നിലനിർത്തുന്നതിനും ഇന്ത്യയ്ക്ക് ഈ മത്സരം നിർണായകമാണ്.
വിജയത്തിന്റെ ക്രീസിലേക്കുള്ള തിരിച്ചുവരവിന് ടീം ഇന്ത്യയ്ക്ക് ഇതിലും മികച്ചൊരു മൈതാനം ലഭിക്കാനില്ല. 3 വർഷം മുൻപ് ഓസീസ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച ഗാബയിലാണ് മൂന്നാം ടെസ്റ്റ്. അന്ന് 328 റൺസ് വിജയലക്ഷ്യം കീഴടക്കിയ ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ചരിത്രമെഴുതി.
ഓസീസ് പേസർമാരുടെ ബൗൺസറുകളെ അതിജീവിച്ച് അന്ന് ഇന്ത്യയ്ക്ക് വിജയമൊരുക്കിയ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും ഇത്തവണയും ടീമിലുണ്ടെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.
∙ ലൈനപ്പിൽ ആശങ്ക
മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ എവിടെ കളിക്കും ? ഇന്നലത്തെ നെറ്റ് പ്രാക്ടീസ് സെഷനിൽ അതിനുള്ള സൂചന ലഭിക്കുമെന്ന് കരുതിയ ആരാധകർ നിരാശരായി. ആദ്യം പഴക്കമുള്ള പന്തും പിന്നീട് ന്യൂബോളും നേരിട്ട് ദീർഘനേരം ബാറ്റിങ് പരിശീലനം നടത്തിയ രോഹിത് സസ്പെൻസ് നിലനിർത്തിയാണ് മടങ്ങിയത്.
അഡ്‍ലെയ്ഡിൽ ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി നിരാശനായ രോഹിത്, മൂന്നാം ടെസ്റ്റിൽ ഓപ്പണറാകാനാണ് കൂടുതൽ സാധ്യത.