ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ രസംകൊല്ലിയായി മഴ. ടോസ് ഇട്ട് കളി തുടങ്ങിയെങ്കിലും ഇടയ്‌ക്കിടെ മഴയെത്തിയതോടെ ഒന്നാം ദിനം കളി നടന്നത് 13.2 ഓവർ മാത്രം. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെടുത്തു നിൽക്കെ മത്സരം രണ്ടാം തവണയും തടസപ്പെട്ടതോടെ, ഒന്നാം ദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (19), നേഥൻ മക്സ്വീനി (4) എന്നിവർ ക്രീസിൽ. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഈ മത്സരം നിർണായകമാണ്. നേരത്തേ, 5.3 ഓവറിൽ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 18 റൺസെടുത്തു നിൽക്കുമ്പോഴും മഴയെ തുടർന്ന് മത്സരം നിർത്തിവച്ചിരുന്നു. അര മണിക്കൂറിനു ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും എട്ട് ഓവർ കൂടി ബോൾ ചെയ്തപ്പോഴേക്കും വീണ്ടും മഴയെത്തി.

രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഗാബയിലെ മൂന്നാം ടെസ്റ്റ് കളിക്കുന്നത്. രവിചന്ദ്രൻ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹർഷിത് റാണയ്‌ക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. പരുക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോഷ് ഹെയ്സൽവുഡ്, സ്കോട് ബോളണ്ടിനു പകരം ടീമിൽ തിരിച്ചെത്തി

∙ ബാറ്റിങ്ങിൽ മിന്നുമോ ഇന്ത്യ?

180, 150, 156, 46, 153..ഏതെങ്കിലും ബാറ്ററുടെ സ്കോറുകളല്ല; ഈ വർഷം കളിച്ച 13 ടെസ്റ്റുകളിലായി ഇന്ത്യ 200നു താഴെ പുറത്തായ ഒന്നാം ഇന്നിങ്സ് ടീം സ്കോറുകളാണ്! ഓസ്ട്രേലിയയ്ക്കെതിരെ ഇന്നു മൂന്നാം ടെസ്റ്റിൽ ടെസ്റ്റിൽ ഇന്ത്യ ലക്ഷ്യമിടുന്നത് ‘തുടക്കത്തിലെ ഈ തകർച്ച’ മറികടക്കുക എന്നതു തന്നെ. ‘‘ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ ടീമിന്റെ പ്രഥമലക്ഷ്യം ഒന്നാം ഇന്നിങ്സിൽ ഒരു മികച്ച സ്കോർ എന്നതാണ്. പ്രശ്നം ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിവിധികൾ ആലോചിച്ചിട്ടുമുണ്ട്..’’– മുൻനിര ബാറ്റർ ശുഭ്മൻ ഗിൽ നയം വ്യക്തമാക്കിക്കഴിഞ്ഞു.

ടീമിന്റെ ഒന്നാം ഇന്നിങ്സ് ഇങ്ങനെയാവുന്നതിനു പ്രധാന ഉത്തരവാദികൾ സീനിയർ ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോലിയും തന്നെ. ഈ സീസണിൽ 6.88, 10.00 എന്നിങ്ങനെയാണ് യഥാക്രമം രോഹിത്തിന്റെയും കോലിയുടെയും ഒന്നാം ഇന്നിങ്സ് ബാറ്റിങ് ശരാശരി. പെർത്തിലെ രണ്ടാം ഇന്നിങ്സ് സെഞ്ചറി കോലിക്ക് ആശ്വാസമാണെങ്കിൽ രോഹിത്തിന് അതുമില്ല. പെർത്ത് ടെസ്റ്റിൽ നിന്നു വിട്ടുനിന്ന രോഹിത് അഡ്‌ലെയ്ഡിൽ തിരിച്ചുവന്നപ്പോ‍ൾ കുറിച്ചത് 3,6 എന്നീ സ്കോറുകൾ. ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഒന്നാം ടെസ്റ്റ് ജയിച്ച ടീം തന്റെ കീഴിൽ രണ്ടാം ടെസ്റ്റ് തോറ്റു എന്ന സമ്മർദവും ക്യാപ്റ്റൻ രോഹിത്തിനുണ്ട്.

English Summary:

Australia vs India, 3rd Cricket Test, Day 1 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com