ഒത്തുകളി വിവാദത്തിൽനിന്ന് 2017ലെ ചാംപ്യൻസ് ട്രോഫി ഹീറോയിലേക്ക്: ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് മുഹമ്മദ് ആമിർ
Mail This Article
ഇസ്‍ലാമാബാദ്∙ 2017ലെ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന് കിരീടം നേടിക്കൊടുത്ത പേസ് ബോളർ മുഹമ്മദ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഇമാദ് വാസിം വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിറും കളമൊഴിയുന്നതായി അറിയിച്ചത്. ഈ വർഷം യുഎസിലും വെസ്റ്റിൻഡീസിലുമായി നടന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. മുൻപ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ആമിർ ട്വന്റി20 ലോകകപ്പിനായി തീരുമാനം പിൻവലിച്ചിരുന്നു.
2009ൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട് വിലക്ക് നേരിട്ട മുഹമ്മദ് ആമിർ, പിന്നീട് 2016ലാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. 2015ൽ വിലക്ക് തീരുമാനത്തിൽ ഇളവു വരുത്തിയതിനെ തുടർന്നായിരുന്നു തിരിച്ചുവരവ്. പാക്കിസ്ഥാനായി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ട്വന്റി20 മത്സരങ്ങളും കളിച്ചു. മൂന്നു ഫോർമാറ്റിലുമായി 271 വിക്കറ്റുകളും 1178 റൺസും നേടി.
2009ൽ ട്വന്റി20 ലോകകപ്പ് നേടിയ പാക്കിസ്ഥാൻ ടീമിലും മുഹമ്മദ് ആമിർ അംഗമായിരുന്നു. 2017ൽ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി നേടുമ്പോൾ നിർണായകമായത് മുഹമ്മദ് ആമിറിന്റെ പ്രകടനമായിരുന്നു. അന്ന് കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ ടോപ് ഓർഡർ തകർത്ത ആമിറിന്റെ സ്പെൽ ഇന്നും ഇന്ത്യൻ ആരാധകർക്ക് ഞെട്ടിക്കുന്ന ഓർമയാണ്.