ഗാബയിൽ ‘തലവേദന’ ഒഴിയുന്നില്ല; ട്രാവിസ് ഹെഡിന് പിന്നാലെ സ്റ്റീവ് സ്മിത്തിനും സെഞ്ചറി, ഓസീസ് കൂറ്റൻ സ്കോറിലേക്ക്
Mail This Article
ബ്രിസ്ബെയ്ൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രാവിസ് ഹെഡിനു പിന്നാലെ സെഞ്ചറി പൂർത്തിയാക്കി വെറ്ററൻ താരം സ്റ്റീവ് സ്മിത്തും. 185 പന്തിൽ 12 ഫോറുകളോടെയാണ് സ്മിത്ത് 33–ാം ടെസ്റ്റ് സെഞ്ചറി നേടിയത്. സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ സ്മിത്തിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 190 പന്തിൽ 12 ഫോറുകൾ സഹിതം 101 റൺസെടുത്ത സ്മിത്തിനെ സ്ലിപ്പിൽ രോഹിത് ശർമ പിടികൂടി. 83 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എന്ന നിലയിലാണ് ഓസീസ്. ഹെഡ് (148), മിച്ചൽ മാർഷ് (0) എന്നിവർ ക്രീസിൽ.
നാലാം വിക്കറ്റിൽ ഹെഡ് – സ്മിത്ത് സഖ്യം 302 പന്തിൽ കൂട്ടിച്ചേർത്തത് 241 റൺസാണ്. ഏകദിന ശൈലിയിൽ ബാറ്റു ചെയ്യുന്ന ഹെഡ് 156 പന്തിൽ 18 ഫോറുകളോടെയാണ് 148 റൺസെടുത്തത്.
ഇതോടെ, ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ടെസ്റ്റ് സെഞ്ചറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സ്റ്റീവ് സ്മിത്ത് ഇംഗ്ലിഷ് താരം ജോ റൂട്ടിനൊപ്പം ഒന്നാമെത്തി. ഇരുവരും 10 സെഞ്ചറികൾ വീതം ഇന്ത്യയ്‌ക്കെതിരെ നേടിയിട്ടുണ്ട്. റൂട്ട് 55 ഇന്നിങ്സുകളിൽനിന്നാണ് 10 സെഞ്ചറികൾ നേടിയതെങ്കിൽ, വെറും 41 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്ത് 10–ാം സെഞ്ചറി കുറിച്ചത്. എട്ടു വീതം സെഞ്ചറികൾ നേടിയ വിൻഡീസ് താരങ്ങളായ ഗാരി സോബേഴ്സ്, വിവിയൻ റിച്ചാർഡ്സ്, ഓസീസ് താരം റിക്കി പോണ്ടിങ് എന്നിവർ പിന്നിലുണ്ട്.
നേരത്തെ, 115 പന്തുകളിൽനിന്ന് 13 ഫോറുകളോടെയാണ് ഹെഡ് സെഞ്ചറിയിലെത്തിയത്. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ഹെഡ് സെഞ്ചറി നേടിയിരുന്നു. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (54 പന്തിൽ 21), നേഥൻ മക്‌സ്വീനി (49 പന്തിൽ ഒൻപത്), മാർനസ് ലബുഷെയ്ൻ (55 പന്തിൽ 12) എന്നിവരാണ് ഓസീസ് നിരയിൽ ഇതുവരെ പുറത്തായത്.
ഗാബയിൽ തുടർച്ചയായി മൂന്നു കളികളിൽ ഗോൾഡൻ ഡക്കായതിനു ശേഷമാണ് ഹെഡ് സെഞ്ചറി കുറിച്ചതെന്നതും ശ്രദ്ധേയം. 84 (187), 24 (29)
152 (148), 92 (96), 0 (1), 0 (1), 0 (1), 103* (118) എന്നിങ്ങനെയാണ് ഈ വേദിയിൽ ഹെഡിന്റെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 19 ഓവറിൽ 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നിതീഷ് റെഡ്ഡി ഒൻപത് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
∙ മികച്ച തുടക്കം സമ്മാനിച്ച് ബുമ്ര
ഏറെക്കുറെ പൂർണമായും മഴ അപഹരിച്ച ഒന്നാം ദിനത്തിനു ശേഷം വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. ആദ്യ ദിനം ഫോമിന്റെ ലക്ഷണങ്ങൾ കാട്ടിയ ഓപ്പണർ ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 54 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്ത ഖവാജയെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് പിടികൂടി.
ഏഴു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും മക്‌സ്വീനിക്കും ബുമ്ര ‘യാത്രയയപ്പ്’ നൽകി. റൺസ് കണ്ടെത്താൻ വിഷമിച്ച മക്സ്വീനിയെ ബുമ്ര സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. 49 പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപതു റൺസെടുത്തായിരുന്നു മക്സ്വീനിയുടെ മടക്കം. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയ മാനനസ് ലബുഷെയ്ന്റെ ഊഴമായിരുന്നു അടുത്തത്. 37 റൺസ് കൂട്ടുകെട്ടിനു പിന്നാലെ ലബുഷെയ്നെ നിതീഷ് റെഡ്ഡി കോലിയുടെ കൈകളിലെതിച്ചു. 55 പന്തിൽ 12 റൺസെടുത്തായിരുന്നു മടക്കം.
∙ ഒന്നാം ദിനം ‘മഴക്കളി’
ഒന്നാം ദിനം ടോസ് ഇട്ട് കളി തുടങ്ങിയെങ്കിലും ഇടയ്‌ക്കിടെ മഴയെത്തിയതോടെ കളി നടന്നത് 13.2 ഓവർ മാത്രം. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെടുത്തു നിൽക്കെ മത്സരം രണ്ടാം തവണയും തടസപ്പെട്ടതോടെ, ഒന്നാം ദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (19), നേഥൻ മക്സ്വീനി (4) എന്നിവരായിരുന്നു ക്രീസിൽ.
രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഗാബയിലെ മൂന്നാം ടെസ്റ്റ് കളിക്കുന്നത്. രവിചന്ദ്രൻ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹർഷിത് റാണയ്‌ക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. പരുക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോഷ് ഹെയ്സൽവുഡ്, സ്കോട് ബോളണ്ടിനു പകരം ടീമിൽ തിരിച്ചെത്തി.