ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ക്രീസിൽ ‘ഫുട്ബോൾ കളിച്ച്’ വില്യംസൻ, എന്നിട്ടും രക്ഷയില്ല; വൈറലായി കിവീസ് താരത്തിന്റെ പുറത്താകൽ– വിഡിയോ
Mail This Article
ഹാമിൽട്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ പുറത്താകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിനം മാത്യു പോട്സിന്റെ പന്തിലാണ് വില്യംസൻ പുറത്തായത്. മികച്ച രീതിയിൽ ബാറ്റു ചെയ്തു വരുമ്പോഴായിരുന്നു നിർഭാഗ്യകരമായ രീതിയിൽ വില്യംസന്റെ പുറത്താകൽ. 87 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 44 റൺസെടുത്തു നിൽക്കെയായിരുന്നു പോട്സിന്റെ നിരുപദ്രവകരമെന്നു തോന്നിച്ച പന്തിൽ വില്യംസൻ പുറത്തായത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനായി വൺഡൗണായാണ് വില്യംസൻ ബാറ്റിങ്ങിനെത്തിയത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ടോം ലാതത്തിനൊപ്പം സെഞ്ചറി കൂട്ടുകെട്ട് തീർത്ത് വിൽ യങ് (42) പുറത്തായതോടെയാണ് വില്യംസൻ ബാറ്റിങ്ങിനെത്തിയത്.
രണ്ടാം വിക്കറ്റിൽ ലാതത്തിനൊപ്പം 37 റൺസും മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയ്‌ക്കൊപ്പം 30 റൺസും കൂട്ടിച്ചേർത്ത്, ഒരറ്റത്ത് ഉറച്ചുനിന്നു കളിക്കുമ്പോഴാണ് താരം പുറത്തായത്. മാത്യു പോട്സ് എറിഞ്ഞ 59–ാം ഓവറിലെ അവസാന പന്ത്. കെയ്ൻ വില്യംസൻ സ്വതസിദ്ധമായ ശൈലിയിൽ ആ പന്ത് പ്രതിരോധിച്ചു.
എന്നാൽ, ബാറ്റിൽത്തട്ടി ക്രീസിനു പുറത്ത് ഒന്ന് പിച്ച് ചെയ്ത പന്ത് കുത്തിയുയർന്ന് നേരെ സ്റ്റംപിലേക്കു നീങ്ങി. അപകടം മണത്ത വില്യംസൻ ഉടൻതന്നെ വലംകാൽ ഉയർത്തി പന്ത് തട്ടിമാറ്റാൻ ശ്രമം നടത്തിയെങ്കിലും താരം ക്രീസിനു വെളിയിലായിരുന്നതിനാൽ പന്തിൽ തൊടാനായില്ല. വില്യംസന്റെ നീട്ടിയ കാലിനു തൊട്ടരികിലൂടെ പന്ത് സ്റ്റംപിൽ പതിച്ചു. തീർത്തും നിർഭാഗ്യകരമായി പുറത്തായതിൽ നിരാശ പ്രകടിപ്പിക്കുന്ന വില്യംസനെ ദൃശ്യങ്ങളിൽ കാണാം.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 82 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. അർധസെഞ്ചറി പൂർത്തിയാക്കി മിച്ചൽ സാന്റ്നറും (54 പന്തിൽ 50), വില്യം ഒറൂർക്കും (0) ക്രീസിൽ. ന്യൂസീലൻഡിനായി ക്യാപ്റ്റൻ ടോം ലോതവും (63) അർധസെഞ്ചറി നേടി. ഇംഗ്ലണ്ടിനായി മാത്യു പോട്സ്, ഗസ് അറ്റ്കിൻസൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.