പരമ്പര കൈവിട്ടെങ്കിലും ടിം സൗത്തിക്ക് കൂറ്റൻ വിജയവുമായി കിവീസിന്റെ യാത്രയയപ്പ്; ഇംഗ്ലണ്ടിന്റെ തോൽവി 423 റൺസിന്!
Mail This Article
ഹാമിൽട്ടൻ ∙ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര നേരത്തേതന്നെ കൈവിട്ടെങ്കിലും, ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന്റെ വക കനത്ത തിരിച്ചടി. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ന്യൂസീലൻഡ് 423 റൺസിനു തോൽപ്പിച്ചു. ന്യൂസീലൻഡ് ഉയർത്തിയ 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 47.2 ഓവറിൽ 234 റൺസിന് ഓൾഔട്ടായി. അർധസെഞ്ചറി നേടിയ ജേക്കബ് ബെതേൽ (76), ജോ റൂട്ട് (54) എന്നിവരാണ് ഇംഗ്ലണ്ടിന്റെ തോൽവിഭാരം കുറിച്ചത്. മത്സരത്തിലാകെ 7 വിക്കറ്റും ഒന്നാം ഇന്നിങ്സിൽ 76 റൺസും രണ്ടാം ഇന്നിങ്സിൽ 49 റൺസും നേടിയ മിച്ചൽ സാന്റ്നറാണ് കളിയിലെ കേമൻ. ഹാരി ബ്രൂക്ക് പരമ്പരയുടെ താരമായി.
വിരമിക്കൽ ടെസ്റ്റ് കളിച്ച ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ 14.2 ഓവറിൽ 85 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി രണ്ടും വില്ല്യും ഒറൂർക് ഒരു വിക്കറ്റും വീഴ്ത്തി. 96 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 76 റൺസെടുത്ത ബെതേലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റൂട്ട് 64 പന്തിൽ 10 ഫോറുകളോടെ 54 റൺസെടുത്തു. 41 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്ത ഗസ് അറ്റ്കിൻസനും മികച്ച പ്രകടനം കാഴ്ചവച്ചു.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 143 റൺസിന് എറിഞ്ഞിട്ട് 204 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്സിൽ 101.4 ഓവറിൽ 453 റൺസിന് പുറത്തായതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർന്നത്. സെഞ്ചറി നേടിയ കെയ്ൻ വില്യംസന്റെ നേതൃത്വത്തിലാണ് കിവീസ് കൂറ്റൻ ലീഡിലേക്ക് എത്തിയത്. വില്യംസൻ 204 പന്തിൽ 20 ഫോറും ഒരു സിക്സും സഹിതം 156 റൺസെടുത്തു.
വില്യംസനു പുറമേ അർധസെഞ്ചറി നേടിയ ഓപ്പണർ വിൽ യങ് (85 പന്തിൽ 60), ഡാരിൽ മിച്ചൽ (84 പന്തിൽ 60), അർധസെഞ്ചറിയുടെ അരികിലെത്തിയ മിച്ചൽ സാന്റ്നർ (38 പന്തിൽ 49), ടോം ബ്ലണ്ടൽ (55 പന്തിൽ പുറത്താകാതെ 44), രചിൻ രവീന്ദ്ര (90 പന്തിൽ 44) എന്നിവരും ചേർന്നതോടെ ന്യൂസീലൻഡ് ശക്തമായ നിലയിലെത്തി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ മൂന്നും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ശുഐബ് ബഷീർ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. മാത്യു പോട്സ്, ഗസ് അറ്റ്കിൻസൻ, ജോ റൂട്ട് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.