ധോണിയുടെയും കുംബ്ലെയുടെയും വഴിയേ അശ്വിനും; തീരുമാനമെടുക്കാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു?, വിവാദം
Mail This Article
ബ്രിസ്ബെയ്ൻ∙ ടെസ്റ്റ് പരമ്പര പൂർത്തിയാകുന്നതിനു മുൻപുള്ള അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം വിവാദങ്ങൾക്കും വഴിതുറക്കുന്നു. പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അശ്വിൻ കളിച്ചത്. രണ്ടാം ടെസ്റ്റിൽ 53 റൺസ് വഴങ്ങിയ അശ്വിന് നേടാനായത് ഒരു വിക്കറ്റ് മാത്രം. തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിൽ, സ്പിൻ പറുദീസയായ പിച്ചുകളിൽ 3 മത്സരങ്ങളിൽ നിന്നായി 41 ബോളിങ് ശരാശരിയിൽ അശ്വിൻ വീഴ്ത്തിയത് വെറും 9 വിക്കറ്റ്.
ഈ രണ്ടു പരമ്പരകളോടെ അശ്വിന്റെ കരിയർ ഏറക്കുറെ അവസാനിച്ചെന്ന് സൂചനയുണ്ടായിരുന്നു. അശ്വിന്റെ പിൻഗാമിയെന്നവണ്ണം ടീമിൽ എത്തിയ വാഷിങ്ടൻ സുന്ദർ മികച്ച ഫോമിലുമാണ്.
ഇനി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ അശ്വിനെ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ നിന്ന് അശ്വിൻ ഇതിനോടകം ഏറക്കുറെ പുറത്തായിരുന്നു. അടുത്ത വർഷം ഓഗസ്റ്റിൽ മാത്രമാണ് ഇന്ത്യയ്ക്ക് നാട്ടിൽ ടെസ്റ്റ് പരമ്പരയുള്ളത്. അപ്പോഴേക്കും അശ്വിന് 39 വയസ്സാകും. ഇതോടെ ടീം മാനേജ്മെന്റ് അശ്വിനോട് നിലപാടെടുക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
പരമ്പര പാതിവഴിയിൽ നിൽക്കെ വിരമിക്കൽ പ്രഖ്യാപിക്കുന്ന ആദ്യ താരമല്ല ആർ.അശ്വിൻ. മുൻ ക്യാപ്റ്റൻമാരായ അനിൽ കുംബ്ലെയും എം.എസ്.ധോണിയും സമാനരീതിയിൽ കളിയവസാനിപ്പിച്ചവരാണ്. 2008ൽ, ഓസ്ട്രേലിയയ്ക്കെതിരെ നടന്ന 4 മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിനു ശേഷമായിരുന്നു കുംബ്ലെ വിരമിക്കൽ പ്രഖ്യാപിച്ചത്.
2014ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനു പിന്നാലെയായിരുന്നു ധോണി അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചത്. ഇപ്പോൾ അശ്വിൻ പടിയിറങ്ങുന്നതും പരമ്പരയിൽ രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കെ.