മൂന്നാം ടെസ്റ്റിനു പിന്നാലെ ബ്രിസ്ബെയ്നിൽ വിരമിക്കൽ പ്രഖ്യാപനം; ‘നേരം ഇരുട്ടി വെളുത്തപ്പോൾ’ അശ്വിൻ നാട്ടിൽ– വിഡിയോ
Mail This Article
ചെന്നൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ ഇന്നലെ ബ്രിസ്ബെയ്നിൽവച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഇന്നു രാവിലെ നാട്ടിലെത്തി. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ അശ്വിൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെയാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
താരത്തെ സ്വീകരിക്കാൻ ഒട്ടേറെപ്പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കാത്തുനിന്ന മാധ്യമങ്ങളോട് ഉൾപ്പെടെ കാര്യമായ സംസാരിക്കാതിരുന്ന അശ്വിൻ, വാഹനത്തിൽ കയറി വീട്ടിലേക്കു പോയി. താരത്തെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയ വാഹനത്തിൽ അശ്വിന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഇവർക്കൊപ്പമായിരുന്നു താരത്തിന്റ മടക്കം.
വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങൾ താരത്തിന്റെ പ്രതികരണം തേടിയെങ്കിലും, പിന്നീട് സംസാരിക്കാമെന്നായിരുന്നു മറുപടി. മാധ്യമങ്ങൾ പ്രതികരണത്തിനു നിർബന്ധിച്ചെങ്കിലും, ‘നാൻ പേശലെ അണ്ണാ, ശരിയാന നേരമല്ലെ. എല്ലാരെം കൂപ്പിട്ട് പേശറെ’ എന്ന വാചകത്തിൽ അശ്വിൻ മറുപടിയൊതുക്കി.
വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ ടീമിനൊപ്പം നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. ബ്രിസ്ബെയ്നിൽനിന്ന് നേരെ നാട്ടിലേക്കു മടങ്ങിയ അശ്വിൻ, ഇന്നു രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തി.