ടീമിലെടുത്താൽ കളിക്കാൻ തയാർ, എന്നിട്ടും അശ്വിനെ വിരമിക്കാൻ അനുവദിച്ചു; സിലക്ടമാരുടെ സന്ദേശം വ്യക്തമെന്ന് ഭോഗ്‍ലെ
Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിനെ വിരമിക്കാൻ അനുവദിച്ചതിലൂടെ, സമാന സാഹചര്യങ്ങളിലുള്ള മറ്റു താരങ്ങൾക്ക് സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കളിക്കാൻ തയാറായിരുന്ന അശ്വിൻ വിരമിച്ചതോടെ, മറ്റുള്ളവർക്കും സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തമാണ്. ആകാംഷയുണർത്തുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും അദ്ദേഹം കുറിച്ചു.
ബ്രിസ്ബെയ്നിൽ നടന്ന ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ്, അപ്രതീക്ഷിതമായി രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ചോദ്യങ്ങളെ നേരിടാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയ അശ്വിൻ, വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഇന്നു രാവിലെ തന്നെ ചെന്നൈയിൽ മടങ്ങിയെത്തുകയും ചെയ്തു.
ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കളിക്കാൻ തയാറായിരുന്ന അശ്വിനെ വിരമിക്കാൻ അനുവദിച്ചതിലൂടെ, എല്ലാവർക്കും സിലക്ടർമാർ വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഹർഷ ഭോഗ്‍ലെ ചൂണ്ടിക്കാട്ടി. കരിയറിന്റെ അവസാന ഘട്ടങ്ങളിലുള്ള വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവരെ ഉന്നമിട്ടാണ് ഭോഗ്‌ലെയുടെ പരാമർശമെന്നു വ്യക്തം.
‘‘ടീമിലെടുത്താൽ കളിക്കാൻ തയാറായിരുന്ന രവിചന്ദ്രൻ അശ്വിനെ വിരമിക്കാൻ അനുവദിച്ചതിലൂടെ, എല്ലാ താരങ്ങൾക്കുമായി സിലക്ടർമാർ കൃത്യമായ ഒരു പൊതു മാനദണ്ഡം വച്ചിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൗതുകമുണർത്തുന്ന പലതും കാണാം’ – ഭോഗ്‍ലെ കുറിച്ചു.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ വിരമിക്കൽ പ്രഖ്യാപിച്ച അശ്വിന്റെ പാത പിൻപറ്റി, ഇപ്പോഴത്തെ ടീമിലെ വെറ്ററൻ താരങ്ങളിൽ ചിലരെങ്കിലും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഫലത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ കൂട്ടത്തോടെ കളമൊഴിഞ്ഞ 2008 സീസണിലെ അവസ്ഥയാകും ഇത്തവണ ഉണ്ടാവുകയെന്നും മുന്നറിയിപ്പുണ്ട്.