‘എടാ മോനെ സുഖമല്ലേ?’: അഭിമുഖത്തിനിടെ സഞ്ജുവിനോട് മലയാളം പറഞ്ഞ് ഡിവില്ലിയേഴ്സ്- വിഡിയോ
Mail This Article
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ‘എടാ മോനെ, സുഖമല്ലേ’ എന്ന് ഡിവില്ലിയേഴ്സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സെഞ്ചറി നേടിയപ്പോൾ വലിയ സന്തോഷമാണ് ഉണ്ടായതെന്നും ദക്ഷിണാഫ്രിക്കൻ മുൻ താരം വിഡിയോയിൽ പ്രതികരിച്ചു.
കരിയറിൽ പെട്ടെന്നു മാറ്റമുണ്ടായെങ്കിലും അതിനായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. ‘‘എന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നതാണു സത്യം. പരിശീലന സമയമൊന്നും കൂട്ടിയിട്ടില്ല. മുൻപ് ചെയ്ത അത്രയും സമയം ഇപ്പോഴും പരിശീലിക്കുന്നുണ്ട്. എന്തു മാറ്റമാണു കൊണ്ടുവന്നതെന്നാണു ഞാനും ഇപ്പോൾ ചിന്തിക്കുന്നത്. ടീമിൽ അവസരങ്ങൾ വരുമ്പോൾ പ്ലേയിങ് ഇലവനിൽ കാണില്ല, അല്ലെങ്കിൽ ട്രാവൽ റിസർവായി മാത്രം പോകാം എന്നൊക്കെയാണു മുൻപു ചിന്തിച്ചിരുന്നത്. എന്നാലും ഞാൻ എപ്പോഴും തയാറായിരിക്കണം.’’
‘‘കളിക്കുമ്പോഴും ഞാൻ വ്യത്യസ്തമായി എന്താണു ചെയ്യുന്നതെന്ന് ആലോചിക്കും. പരിശീലനം എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങളിൽ നമുക്ക് ഉത്തരങ്ങൾ കിട്ടില്ല. ഒഴുക്കിനൊപ്പം പോകുകയാണു ഞാൻ. പക്ഷേ നടന്നതിനെല്ലാം നന്ദിയുണ്ടാകും. എല്ലാ അവസരങ്ങളിലും പിച്ചിൽ ആധിപത്യം നേടിയെടുക്കാനാണു ഞാൻ ശ്രമിക്കുന്നത്. 20 ഓവർ മത്സരങ്ങൾ വളരെ ചെറുതായി തോന്നാറുണ്ട്. കാരണം എനിക്കു ശേഷം ഏഴോളം ബാറ്റര്‍മാർ വരാനുണ്ട്. അതുകൊണ്ടു തന്നെ നമുക്കു ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മികച്ച കാര്യം തന്നെ പുറത്തെടുക്കേണ്ടിവരും.’’
ട്വന്റി20യിൽ മികച്ച വിജയലക്ഷ്യം എന്താണെന്നു നമുക്കു പറയാനാകില്ല. എന്തിനാണ് വെറുതെ പന്തുകൾ പാഴാക്കുന്നതെന്ന് രാജസ്ഥാന്‍ റോയൽസിനെ നയിക്കാൻ തുടങ്ങിയതു മുതൽ ഞാൻ ചിന്തിക്കാറുണ്ട്. വിക്കറ്റ് മോശമാണെങ്കിലും റിസ്ക് എടുത്ത് വലിയ ടോട്ടൽ കണ്ടെത്തുകയെന്നത് ബാറ്ററുടെ ഉത്തരവാദിത്തമാണ്. അല്ലാതെ വിക്കറ്റു വീഴ്ത്തുമെന്ന പ്രതീക്ഷയിൽ നമ്മുടെ ബോളറെ നോക്കിനിൽക്കരുത്.’’– സഞ്ജു സാംസൺ പറഞ്ഞു.