‘ഇത് താരലേലത്തിൽ അൺസോൾഡ് ആയവരുടെ കാലമല്ലേ..’; 35 പന്തിൽ സെഞ്ചറി, യൂസഫ് പഠാന്റെ റെക്കോർഡ് തകർന്നു– വിഡിയോ
Mail This Article
അഹമ്മദാബാദ്∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ അൺസോൾഡ് ആയ താരങ്ങളുടെ ‘പകരം വീട്ടൽ’ പ്രകടനം വിജയ് ഹസാരെ ട്രോഫിയിലും തുടരുന്നു. ഐപിഎൽ താരലേലത്തിൽ അൺസോൾഡ് ആയതിനു പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ച് പഞ്ചാബ് താരം അൻമോൽപ്രീത് സിങ്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 35 പന്തിലാണ് താരം സെഞ്ചറി കുറിച്ചത്. ഇന്ത്യൻ താരങ്ങളിൽ 40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാന്റെ റെക്കോർഡാണ് അൻമോൽപ്രീത് മറികടന്നത്.
ലോക ക്രിക്കറ്റിൽത്തന്നെ വേഗമേറിയ നാലാമത്തെ സെഞ്ചറിയെന്ന നേട്ടവും അൻമോൽപ്രീത് സ്വന്തമാക്കി. മുന്നിലുള്ളത് ജേക് ഫ്രേസർ മക്‌ഗൂർക് (29 പന്തിൽ), എ.ബി. ഡിവില്ലിയേഴ്സ് (31) എന്നിവർക്കു മാത്രം പിന്നിൽ.
മത്സരത്തിൽ പഞ്ചാബ് ഒൻപതു വിക്കറ്റിന് ജയിച്ചു. മത്സരത്തിൽ ോടസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങഅങിയ അരുണാചൽ പ്രദേശ് 48.4 ഓവറിൽ 164 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ അഭിഷേക് ശർമ (ഏഴു പന്തിൽ 10) നിരാശപ്പെടുത്തിയെങ്കിലും, അൻമോൽപ്രീതിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വെറും 12.5 ഓവറിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി.
അൻമോൽപ്രീത് 45 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 12 ഫോറും ഒൻപതു സിക്സും ഉൾപ്പെടുന്നതാണ് അൻമോൽപ്രീതിന്റെ ഇന്നിങ്സ്. പ്രഭ്സിമ്രാൻ സിങ് 25 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 35 റൺസോെടയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ വെറും 68 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 153 റണ്‍സ്!
നേരത്തേ, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അശ്വനി കുമാറിന്റെയും മായങ്ക് മർക്കണ്ഡെയുടെയും നേതൃത്വത്തിലാണ് പഞ്ചാബ് അരുണാചലിനെ 164 റൺസിൽ ഒതുക്കിയത്. ബാൽതേജ് സിങ് രണ്ടും സൻവീർ സിങ്, രഘു ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.