‘പൃഥ്വിയുടെ ഏറ്റവും വലിയ ശത്രു പൃഥ്വി തന്നെ; ഫീൽഡിങ്ങിനിടെ അദ്ദേഹത്തിനടുത്തേക്കു പന്തു വരാതിരിക്കാൻ പ്രാർഥിച്ചു’: എന്തു പറ്റി പൃഥ്വിക്ക്?
Mail This Article
മുംബൈ ∙ ‘അടുത്ത സച്ചിൻ തെൻഡുൽക്കർ’– രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ തന്നെ സെഞ്ചറി നേടി ഇതിഹാസതാരത്തിന്റെ അപൂർവനേട്ടത്തിന് ഒപ്പമെത്തിയപ്പോൾ പൃഥ്വി ഷാ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്. പിന്നാലെ 18–ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ചറി നേടി സച്ചിനെയും അതിശയിപ്പിച്ചപ്പോൾ ക്രിക്കറ്റ് ലോകം പ്രവചിച്ചു: ഇനി പൃഥ്വിയുടെ കാലമാണ്! എന്നാൽ, അതിനു ശേഷം പൃഥ്വിയുടെ കരിയർ സഞ്ചരിച്ചത് അവിശ്വസനീയമായ വഴികളിലൂടെയാണ്.
അച്ചടക്കരാഹിത്യവും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം ഫോം നഷ്ടമായ പൃഥ്വിക്ക് ഇപ്പോൾ മുംബൈ ക്രിക്കറ്റ് ടീമിൽ വരെ ഇടം നഷ്ടമായിരിക്കുന്നു. ആഭ്യന്തര ഏകദിന ചാംപ്യൻഷിപ്പായ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലേക്ക് ഇരുപത്തിയഞ്ചുകാരൻ പൃഥ്വിയെ മുംബൈ പരിഗണിച്ചതു പോലുമില്ല. ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയതിനു പിന്നാലെ പൃഥ്വിയുടെ കരിയറിലെ വലിയ തിരിച്ചടി. സച്ചിന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വിക്ക് എന്താണ് സംഭവിക്കുന്നത്?
∙ പൃഥ്വിയുടെ ശത്രു
‘പൃഥ്വിയുടെ ഏറ്റവും വലിയ ശത്രു പൃഥ്വി തന്നെയാണ്’– വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഇടംകിട്ടാതെ പോയതിനെത്തുടർന്ന് ‘ദൈവമേ, ഇനിയെന്തു തെളിയിക്കണം ഞാൻ’ എന്നു സമൂഹമാധ്യത്തിലൂടെ വികാരാധീനനായി പ്രതികരിച്ച പൃഥ്വിയെക്കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു സീനിയർ ഒഫീഷ്യൽ പ്രതികരിച്ചതിങ്ങനെ. കളിക്കണക്കുകൾ മാത്രം നോക്കിയല്ല പൃഥ്വിയെ തങ്ങൾ പരിഗണിക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
‘‘ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 പേരുമായാണ് മുംബൈ ടീം ഫീൽഡ് ചെയ്തത് എന്നു പറയേണ്ടി വരും. പൃഥ്വിയുടെ അടുത്തേക്കു പന്തു വരാതിരിക്കാൻ പ്രാർഥിക്കുകയായിരുന്നു ഞങ്ങൾ. പന്ത് ഓടിപ്പിടിക്കാനുള്ള ഫിറ്റ്നസ് പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല..’’.
അൽപം മയത്തിലാണെങ്കിലും മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യരും പ്രകടിപ്പിച്ചത് സമാനമായ വികാരം തന്നെ. ‘പൃഥ്വിയുടെ പ്രതിഭയുടെ അതിര് അനന്തമാണ്. പക്ഷേ അദ്ദേഹം പരിശീലനത്തിലും കളിയിലും അച്ചടക്കം പാലിക്കേണ്ടിയിരിക്കുന്നു. എല്ലാവരും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. പക്ഷേ ആത്യന്തികമായി പ്രശ്നങ്ങൾ മനസ്സിലാക്കി തിരുത്തേണ്ടത് അവനവൻ തന്നെയാണ്. എല്ലാക്കാലത്തും ഒരാളെ താലോലിക്കാൻ കഴിയുമോ?’’– ശ്രേയസ് അയ്യർ പറഞ്ഞു.
∙ കാംബ്ലിയുടെ പിൻഗാമി
കരിയറിന്റെ തുടക്കകാലത്ത് സച്ചിന്റെ പിൻഗാമിയായാണ് വിശേഷിപ്പിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ മറ്റൊരാളോടാണ് പൃഥ്വി ഉപമിക്കപ്പെടുന്നത്– വിനോദ് കാംബ്ലി. ഉജ്വലമായി തുടങ്ങിയ കരിയർ അച്ചടക്കരാഹിത്യം മൂലം നഷ്ടപ്പെടുത്തിയ കാംബ്ലിയുടെ അതേ വഴിയിലൂടെയാണ് പൃഥ്വിയുടെയും സഞ്ചാരമെന്നതാണ് സങ്കടകരമായ യാഥാർഥ്യം.
2019ൽ നിരോധിത ഉൽപന്നമായ ടെർബ്യുട്ടാലിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ബിസിസിഐ എട്ടു മാസം വിലക്കേർപ്പെടുത്തിയതിൽ തുടങ്ങുന്നു പൃഥ്വിയുടെ വീഴ്ചകളുടെ തുടക്കം. അടുത്ത വർഷം ഓസ്ട്രേലിയൻ പര്യടനത്തിനിടെ, ഒരു പരിശീലന മത്സരത്തിൽ ദീർഘനേരം ഫീൽഡ് ചെയ്യുന്നതിൽ നിന്ന് ഒഴിവാകാൻ പരുക്ക് അഭിനയിച്ച പൃഥ്വിയെ ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെ പിടികൂടി. ഐപിഎൽ ക്രിക്കറ്റിലും പൃഥ്വി ടീം മാനേജ്മെന്റിന്റെ അപ്രീതിക്കു പാത്രമായി.
2021ൽ ഒരു എക്സ്ട്രാ നെറ്റ് സെഷൻ ബാറ്റു ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പൃഥ്വി വിസമ്മതം പ്രകടിപ്പിച്ച കാര്യം ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റിനു പുറത്തെ സംഭവങ്ങളിലും പൃഥ്വി വിവാദങ്ങളിൽ ചെന്നു ചാടി. കഴിഞ്ഞ വർഷം ഒരു യുട്യൂബ് ഇൻഫ്ലുവൻസറും പൃഥ്വിയുമായി തെരുവിൽ കലഹമുണ്ടായത് വാർത്തയായിരുന്നു.
∙ അവസരങ്ങൾ, പാളിച്ചകൾ
വിമർശനങ്ങൾക്ക് ബാറ്റു കൊണ്ടോ പന്തു കൊണ്ടോ മറുപടി പറയുന്നതാണ് മികവുറ്റ ക്രിക്കറ്റ് താരങ്ങളുടെ ശൈലി. എന്നാൽ പൃഥ്വിക്ക് അതിനും സാധിക്കുന്നില്ല. ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ചാംപ്യൻഷിപ്പായ മുഷ്താഖ് അലി ട്രോഫിയിൽ ഇത്തവണ മുംബൈയുടെ ഓപ്പണറായി ഇറങ്ങിയ പൃഥ്വിയുടെ കളിക്കണക്കിങ്ങനെ: 9 കളിയിൽ 21.88 ശരാശരിയിൽ വെറും 197 റൺസ്!
മുപ്പത്തിയാറു വയസ്സുള്ള സഹതാരം അജിൻക്യ രഹാനെ ടോപ് സ്കോററായ പട്ടികയിൽ 47–ാം സ്ഥാനത്തായിരുന്നു ഇരുപത്തിയഞ്ചുകാരൻ പൃഥ്വി. ഐപിഎലിലും വിജയ് ഹസാരെ ട്രോഫിയിലും ഇടം കിട്ടാതെ പോയതോടെ ഈ ഫോം നഷ്ടം മറികടക്കാനുള്ള അവസരങ്ങൾ കൂടിയാണ് പൃഥ്വിക്ക് അന്യമാകുന്നത്.