അവസാന ടെസ്റ്റുകൾക്കായി മെൽബണിലേക്കും സിഡ്നിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്ത് അശ്വിന്റെ പിതാവ്; ഒറ്റ ഫോൺകോളിൽ എല്ലാം ‘കട്ട്’!
Mail This Article
ചെന്നൈ∙ രവിചന്ദ്രൻ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവും അറിഞ്ഞത് അവസാന നിമിഷമെന്ന് റിപ്പോർട്ട്. സ്പിന്നർമാരെ പൊതുവെ അനുകൂലിക്കുന്ന മെൽബണിലും സിഡ്നിയിലും അശ്വിൻ കളിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് രവിചന്ദ്രൻ അവിടേക്കു പോകുന്നതിനായി വിമാന ടിക്കറ്റ് വരെ ബുക് ചെയ്തിരുന്നു. ഇതിനിടെയാണ് മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം വിരമിക്കാൻ പോകുന്നുവെന്ന കാര്യം അശ്വിൻ കുടുംബത്തെ അറിയിച്ചത്. ഇതോടെ അദ്ദേഹം ടിക്കറ്റുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ തന്നെ വിരമിക്കുന്ന കാര്യം അശ്വിൻ ആലോചിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഉടനെ മറ്റ് ടെസ്റ്റ് പരമ്പരകൾ ഇല്ലാത്ത സാഹചര്യത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ കൂടി പങ്കെടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
‘‘മുട്ടുവേദന സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ നിമിത്തം വിരമിക്കുന്ന കാര്യത്തെക്കുറിച്ച് അശ്വിൻ ഗൗരവത്തോടെ ആലോചിച്ചിരുന്നു. ഇത്തവണ ഓസ്ട്രേലിയയിലേക്കു പോകുന്നതിനു മുൻപുതന്നെ അശ്വിന്റെ മനസ്സിൽ ആശയക്കുഴപ്പമുണ്ടായിരുന്നു എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ഉടനെ മറ്റ് ടെസ്റ്റ് പരമ്പരകൾ ഇല്ലാത്ത സാഹചര്യത്തിൽ ഓസീസ് പര്യടനത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.’’
‘‘ഓസ്ട്രേലിയൻ പര്യടനത്തിനായി പെർത്തിലേക്ക് പുറപ്പെട്ടതോടെ, അദ്ദേഹം പരമ്പരയിൽ പൂർണമായി പങ്കെടുക്കുമെന്നാണ് കുടുംബാംഗങ്ങളും കരുതിയത്. ബോക്സിങ് ഡേ ടെസ്റ്റും പുതുവർഷ ടെസ്റ്റും കാണുന്നതിനായി അശ്വിന്റെ പിതാവ് രവിചന്ദ്രൻ വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രി അശ്വിൻ വീട്ടിലേക്ക് ഫോൺ വിളിച്ച് ഡിസംബർ 18 തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ അവസാന ദിനമായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു’ – റിപ്പോർട്ട് പറയുന്നു.
നേരത്തെ, അശ്വിൻ അപമാനിക്കപ്പെട്ടതായി പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ‘‘വിരമിക്കൽ എന്നത് അശ്വിന്റെ സ്വന്തം തീരുമാനമാണ്. ഞാൻ അതിൽ ഇടപെടില്ല. എന്നാൽ അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തതിൽ പല കാരണങ്ങളും ഉണ്ടായിരിക്കാം. ചിലപ്പോൾ അദ്ദേഹം അപമാനിതനായിട്ടുണ്ടാകും. 14–15 വർഷത്തോളമായി അശ്വിന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിന് ഒരു വൈകാരിക നിമിഷമാണ്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിലുള്ള ഞെട്ടൽ കുടുംബത്തിലുണ്ട്.’’– എന്നായിരുന്നു അശ്വിന്റെ പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.
എന്നാൽ, പിതാവിന് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി അശ്വിൻ രംഗത്തെത്തിയിരുന്നു. ‘‘എന്റെ പിതാവ് മാധ്യമ പരിശീലനം നേടിയിട്ടില്ലാത്ത ആളാണ്. ഏയ് അച്ഛാ, എന്താണ് ഇതെല്ലാം. അദ്ദേഹത്തിന് മാപ്പു നൽകി വെറുതെ വിടണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.’’– അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.