അശ്വിന് മാന്യമായ പരിഗണന ലഭിച്ചില്ല; തമിഴ്നാട്ടുകാരനായിപ്പോയി, മറ്റേതെങ്കിലും സംസ്ഥാനമാണെങ്കിൽ സംഭവിക്കില്ല: മുൻ താരം

Mail This Article
ചെന്നൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം എസ്.ബദരീനാഥ്. അശ്വിനേപ്പോലെ ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ ഒരു താരം വിരമിക്കുമ്പോൾ, അത് വലിയ തോതിൽ ആഘോഷിക്കേണ്ടതായിരുന്നുവെന്നും ബദരീനാഥ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ വിരമിക്കാനുള്ള അശ്വിന്റെ തീരുമാനം ഞെട്ടിച്ചെന്ന് വെളിപ്പെടുത്തിയ ബദരീനാഥ്, കുറച്ചുകൂടി മാന്യമായ വിടവാങ്ങൽ അദ്ദേഹം അർഹിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബ്രിസ്ബെയ്നിലെ ഗാബയിൽ സമനിലയിൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ്, അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരശേഷം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയാണ്, അശ്വിൻ താൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചത്.
അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ്, അശ്വിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് മുൻ താരത്തിന്റെ രംഗപ്രവേശം.
‘‘അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന് മാന്യമായ പരിഗണന ലഭിച്ചില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെർത്ത് ടെസ്റ്റോടെ വിരമിക്കാനായിരുന്നു അശ്വിന്റെ തീരുമാനമെന്നാണ് രോഹിത് പറഞ്ഞത്. തന്നെ മറികടന്ന് വാഷിങ്ടൻ സുന്ദർ ടീമിലെത്തിയതോടെ കളി മതിയാക്കാനായിരുന്നു അശ്വിന്റെ നീക്കം. അതായത് അശ്വിൻ ഒട്ടും സന്തോഷവാനായിരുന്നില്ലെന്നു വേണം ഇതിൽനിന്ന് മനസിലാക്കാൻ’ – ബദരീനാഥ് പറഞ്ഞു.
‘‘തമിഴ്നാട്ടിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണിത്. അതിന് പല കാരണങ്ങളുമുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നു എന്നത് വാസ്തവമാണ്. ഇത്തരം വെല്ലുവിളികൾക്കിടയിലും രാജ്യാന്തര ക്രിക്കറ്റിൽ പിടിച്ചുനിന്ന് 500ലധികം വിക്കറ്റ് നേടാനും ഇതിഹാസമായി വളരാനും അശ്വിനു കഴിഞ്ഞു’ – ബദരിനാഥ് ചൂണ്ടിക്കാട്ടി.
‘‘അദ്ദേഹം നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാകുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ. അദ്ദേഹം നേരിട്ടിട്ടുള്ള ചില ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് നേരിട്ടറിയാം. അദ്ദേഹത്തെ ഒതുക്കാൻ പലതവണ ശ്രമങ്ങൾ നടന്നു. അപ്പോഴെല്ലാം ഇരട്ടിക്കരുത്തോടെ, ഫീനിക്സ് പക്ഷിയേപ്പോലെ അദ്ദേഹം തിരിച്ചുവന്നു’ – ബദരിനാഥ് വിശദീകരിച്ചു.
അശ്വിൻ കുറച്ചുകൂടി മാന്യമായ യാത്രയയപ്പ് അർഹിച്ചിരുന്നതായി ബദരീനാഥ് അഭിപ്രായപ്പെട്ടു. ‘‘ക്രിക്കറ്റിൽനിന്ന് അദ്ദേഹം എന്നാണെങ്കിലും വിരമിക്കണം. പക്ഷേ, അത് ഇപ്രകാരമായിരുന്നില്ല വേണ്ടത്. കുറച്ചുകൂടി മാന്യമായി വിടപറയാൻ അവസരം ഒരുക്കണമായിരുന്നു. അത് അദ്ദേഹം അർഹിച്ചിരുന്നു. ഇത് ഒട്ടും ശരിയായില്ല.’’
‘‘അശ്വിന് മാന്യമായ പരിഗണന ലഭിച്ചില്ല. അശ്വിന്റെ കരിയറും വളർച്ചയും അടുത്തുനിന്ന് നോക്കിക്കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. അദ്ദേഹവും തമിഴ്നാട്ടിൽ നിന്നാണല്ലോ. ഈ പറഞ്ഞ വെല്ലുവിളികളെല്ലാം അദ്ദേഹം നേരിട്ടിട്ടുള്ളതു തന്നെയാണ്. ഇത് മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നുള്ള ഒരു താരത്തിനാണെങ്കിൽ സംഭവിക്കില്ലെന്നേ ഞാൻ പറയൂ. അശ്വിന്റെ കാര്യത്തിൽ എനിക്ക് സങ്കടം തോന്നുന്നു. അദ്ദേഹം ഇങ്ങനെയായിരുന്നില്ല വിരമിക്കേണ്ടിയിരുന്നത്.’ – ബദരീനാഥ് പറഞ്ഞു.