സ്പിന്നിനെ വഴിവിട്ട് സഹായിക്കുന്ന പിച്ചൊരുക്കുന്നതിനെ എതിർത്തത് വളച്ചൊടിച്ചു, അശ്വിനുമായി പിണക്കമില്ല: ഹർഭജൻ
Mail This Article
ചെന്നൈ∙ കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിനുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്ന് വിശദീകരിച്ച് മുൻ ഇന്ത്യൻ താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്. അശ്വിനുമായി പ്രശ്നമുണ്ട് എന്നത് സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന വ്യാജ പ്രചാരണമാണെന്ന് ഹർഭജൻ വിശദീകരിച്ചു. രണ്ട് – രണ്ടര ദിവസം കൊണ്ട് മത്സരം തീരുന്ന തരത്തിൽ സ്പിന്നിന് അനുകൂലമായി പിച്ച് ഒരുക്കുന്നതിനെ താൻ എതിർത്തത്, അശ്വിനോടുള്ള എതിർപ്പായി ചിലർ വ്യാഖ്യാനിച്ചെന്നാണ് ഹർഭജന്റെ പരോക്ഷ വിമർശനം.
‘‘എനിക്ക് അത്യാവശ്യമുള്ളപ്പോൾ മാത്രമേ ഞാൻ സമൂഹമാധ്യമങ്ങൾ നോക്കാറുള്ളൂ. ഞാനും അശ്വിനും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള പിണക്കമുണ്ടെങ്കിൽ, അല്ലെങ്കിൽ ഞങ്ങൾ തമ്മിൽ എന്നെങ്കിലും വഴക്കിടുകയോ പിണങ്ങുകയോ അഭിപ്രായ ഭിന്നതയുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച് അശ്വിനെ ആദ്യം സമീപിക്കുന്നത് ഞാൻ തന്നെയായിരിക്കും.’
‘‘പക്ഷേ, ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാരണം, എനിക്കുള്ളതെല്ലാം എനിക്കും അശ്വിനുള്ളത് അശ്വിനും കിട്ടിയിട്ടുണ്ട്. ഇന്ത്യ കണ്ട ഇതിഹാസ ബോളർമാരിൽ താരങ്ങളിൽ അശ്വിൻ. അദ്ദേഹത്തിന്റെ ഈ നേട്ടങ്ങളിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’ – ഹർഭജൻ പറഞ്ഞു.
‘‘ഞാൻ പറയുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ വളച്ചൊടിച്ച് ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യ ഒരുക്കുന്ന പിച്ചുകൾ ക്രിക്കറ്റിന് നല്ലതല്ല എന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഈ പിച്ചുകൾ വഴിവിട്ട് സ്പിന്നർമാരെ തുണയ്ക്കുന്നതിനാൽ മത്സരങ്ങൾ രണ്ടും രണ്ടരയും ദിവസം കൊണ്ട് അവസാനിക്കുന്നു’ – ഹർഭജൻ പറഞ്ഞു.
‘‘ചില വ്യക്തികളോടുള്ള എതിർപ്പുകൊണ്ടാണ് സ്പിന്നിന് അനുകൂലമായി പിച്ച് ഒരുക്കുന്നതിനെ ഞാൻ എതിർക്കുന്നത് എന്ന് വ്യാപക പ്രചാരണമുണ്ട്. എനിക്ക് ഒരു വ്യക്തിയുമായും പിണക്കമില്ല. രാജ്യത്തിനായി കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ആ തലത്തിൽ കളിക്കുന്നവരോട് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. ഇവരെല്ലാം എന്റെ സഹതാരങ്ങളുമാണ്. മാത്രമല്ല, ചിലർ എന്റെ ഇളയ സഹോദരങ്ങളും ചിലർ മൂത്ത സഹോദരങ്ങളുമാണ്’ – ഹർഭജൻ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ 379 ഇന്നിങ്സുകളിൽനിന്ന് 765 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ഹർഭജനാകട്ടെ, 442 ഇന്നിങ്സുകളിൽനിന്ന് 707 വിക്കറ്റുകളും നേടി.