‘കോലിക്ക് ഒപ്പം ബാറ്റു ചെയ്യാൻ ഞാനുണ്ടാകും’: വിരമിച്ച അശ്വിൻ എങ്ങനെ...? പോസ്റ്റിന്റെ അർഥം തിരഞ്ഞ് ആരാധകർ
Mail This Article
ചെന്നൈ ∙ പ്രിയപ്പെട്ട വിരാട് കോലി, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അടുത്ത മത്സരത്തിൽ താങ്കൾക്കൊപ്പം ബാറ്റ് ചെയ്യാൻ ഞാനുമുണ്ടാകും! വിരമിക്കൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇത്തരമൊരു സമൂഹമാധ്യമ പോസ്റ്റുമായി ആർ. അശ്വിൻ രംഗത്തു വരാൻ കാരണമെന്തായിരിക്കും? രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആർ. അശ്വിന് ആശംസ നേർന്നു വിരാട് കോലി പങ്കുവച്ച വൈകാരികമായ കുറിപ്പിനു മറുപടിയായാണ് അശ്വിന്റെ കുറിപ്പ്.
വിരമിച്ച അശ്വിൻ എങ്ങനെ വിരാട് കോലിക്കൊപ്പം ബാറ്റു ചെയ്യാനിറങ്ങുമെന്ന സംശയം ഉയർത്തിയവർക്ക് അശ്വിൻ വിശദീകരണം നൽകിയില്ലെങ്കിലും സമൂഹമാധ്യമത്തിലെ ക്രിക്കറ്റ് വിദഗ്ധർ മറുപടിയുമായി രംഗത്തുണ്ട്.
2022ലെ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തെക്കുറിച്ചാണ് അശ്വിന്റെ പരാമർശമെന്നാണ് സൂചന. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കു വിജയലക്ഷ്യം 160 റൺസ്. അവസാന 2 പന്തുകളിൽ വിരാട് കോലിയുടെ കൂട്ടാളിയായെത്തിയത് അശ്വിനായിരുന്നു.
അവസാന 3 ഓവറിൽ ജയിക്കാൻ 48 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിരാട് കോലിയുടെ മാസ്മരിക ഇന്നിങ്സിന്റെ മികവിലാണ് പാക്കിസ്ഥാനെ മറികടന്നത്. ഇന്ത്യ ജേതാക്കളാകുമ്പോൾ കോലി 82 റൺസുമായും അശ്വിൻ ഒരു റണ്ണുമായും പുറത്താകാതെ നിന്നു.
14 വർഷത്തെ രാജ്യാന്തര കരിയറിൽ അശ്വിനും കോലിയും തമ്മിൽ മികച്ച ബന്ധമാണുണ്ടായിരുന്നത്. അതിനാൽ, നിർണായക ഘട്ടങ്ങളിൽ ഒപ്പമുണ്ടാകുമെന്ന ആശംസയായി അശ്വിന്റെ ട്വീറ്റിനെ വ്യഖ്യാനിക്കുകയാണ് കായികലോകം.