പുറത്തു നിർത്തിയവർക്കു മറുപടി, ഗോവ ടീമിലെ തിരിച്ചുവരവിൽ തകർത്തെറിഞ്ഞ് അർജുൻ തെൻഡുൽക്കർ
Mail This Article
ജയ്പൂർ∙ വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി അർജുൻ തെൻഡുൽക്കറുടെ തിരിച്ചുവരവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന മത്സരങ്ങളിൽ അർജുന്‍ ഗോവയുടെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരത്തെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ വിജയ് ഹസാരെയിൽ ഗോവയുടെ ആദ്യ മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയാണ് അർജുൻ തുടക്കം ഗംഭീരമാക്കിയത്.
ഒഡിഷയ്ക്കെതിരെ 10 ഓവറുകൾ പന്തെറിഞ്ഞ അർജുൻ 61 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. രണ്ടാമതു ബാറ്റു ചെയ്ത ഒഡിഷ ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ അർജുനു സാധിച്ചു. മത്സരത്തിന്റെ 41–ാം ഓവറിൽ അഭിഷേക് റൗത്തിനെ പുറത്താക്കിയാണ് അർജുൻ ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ മികച്ച ഫോമിൽ കളിച്ചിരുന്ന കാർത്തിക് ബിസ്‍വാലി (52 പന്തിൽ 49)യെയും പുറത്താക്കി. 47–ാം ഓവറിൽ രാജേഷ് മൊഹന്ദിയും (ആറ്) അർജുനു മുന്നിൽ വീണു.
ഐപിഎൽ മെഗാലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറെ സ്വന്തമാക്കിയിരുന്നു. ആദ്യ അവസരങ്ങളിൽ അർജുനു വേണ്ടി ബിഡ് ചെയ്യാതിരുന്ന മുംബൈ അവസാന അവസരത്തിലാണു താരത്തെ വാങ്ങിയത്.
മത്സരത്തിൽ 27 റണ്‍സ് വിജയമാണു ഗോവ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗോവ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസാണു നേടിയത്. 96 പന്തിൽ 93 റൺസെടുത്ത ഇഷാൻ ഗഡേകറാണ് ഗോവയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ദർശൻ മിഷാൽ (56 പന്തിൽ 79), സ്നേഹൽ കൗതൻകർ (81 പന്തിൽ 67), സുയാഷ് പ്രഭുദേശായി (22 പന്തിൽ 74) എന്നിവരും ഗോവയ്ക്കായി തിളങ്ങി. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡിഷ 49.4 ഓവറിൽ 344 റൺസെടുത്തു പുറത്തായി. 71 പന്തിൽ 73 റൺസെടുത്ത സന്ദീപ് പട്നായിക്കാണ് ഒഡിഷയുടെ ടോപ് സ്കോറർ.