ബംഗ്ലദേശ് 76ന് ഓൾഔട്ട്; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യൻ വനിതകൾക്ക്, ഫൈനലിൽ 41 റൺസ് വിജയം
Mail This Article
ക്വാലലംപുർ∙ ബംഗ്ലദേശിനെതിരെ തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഫൈനലിൽ 41 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 18.3 ഓവറിൽ 76 റൺസിന് ഓൾഔട്ടായി. 47 പന്തിൽ 52 റൺസെടുത്തു തിളങ്ങിയ ഇന്ത്യൻ താരം ഗൊങ്കടി തൃഷയാണു കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്കോററാണ് ഓപ്പണിങ് ബാറ്റർ തൃഷ. മിഥില വിനോദ് (12 പന്തിൽ 17), ക്യാപ്റ്റൻ നിക്കി പ്രസാദ് (21 പന്തിൽ 12) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 117 റൺസ്.
മറുപടി ബാറ്റിങ്ങിൽ 30 പന്തിൽ 22 റൺസെടുത്ത ജുയ്‍രിയ ഫെർദോസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ആയുഷി ശുക്ല മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പരുനിക സിസോദിയ, സോനം യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.