ഇന്ത്യൻ താരങ്ങൾക്കു നൽകിയത് പഴയ പിച്ചുകൾ?, ബൗണ്‍സ് ഇല്ലെന്ന് പരാതി; ഓസ്ട്രേലിയയ്ക്ക് പുത്തൻ പിച്ച്
Mail This Article
മെൽബൺ∙ ബോര്‍ഡർ– ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ത്യയ്ക്ക് അനുവദിച്ച പിച്ചിനെച്ചൊല്ലി വിവാദം. പഴയ പിച്ചുകളാണ് ഇന്ത്യൻ താരങ്ങൾക്കു നെറ്റ് പ്രാക്ടീസിനായി നൽകിയതെന്നാണു പരാതി. അതേസമയം പുതിയ പിച്ചിൽ പരിശീലിക്കുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നതോടെ വിവാദം ഉയരുകയാണ്. ഇന്ത്യയ്ക്കു ലഭിച്ച പിച്ചുകളുടെ അവസ്ഥയെക്കുറിച്ച് പേസർ ആകാശ്ദീപ് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയും ചെയ്തു.
‘‘ഈ വിക്കറ്റുകൾ വൈറ്റ് ബോൾ ക്രിക്കറ്റിനു വേണ്ടിയുള്ളതാണെന്നു തോന്നുന്നു. ബൗൺസ് വളരെ കുറവാണ്. ബാറ്റർമാർ പന്ത് ലീവ് ചെയ്യുന്നതിനു നന്നായി ബുദ്ധിമുട്ടുന്നുണ്ട്.’’– ആകാശ്ദീപ് പ്രതികരിച്ചു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ടീം പരിശീലിച്ചത് ഈ പിച്ചുകളിലായിരുന്നു. ഇവിടെ പന്തു നേരിടുന്നതിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കാലിൽ പരുക്കേറ്റത്. ഫിസിയോമാരെത്തി രോഹിത് ശർമയ്ക്ക് ചികിത്സ നൽകി.
തിങ്കളാഴ്ച ഇന്ത്യൻ താരങ്ങൾക്കു പരിശീലനമില്ല. അതേസമയം ഓസ്ട്രേലിയൻ താരങ്ങൾ പുതിയ പിച്ചിലാണ് പരിശീലിക്കുന്നത്. നല്ല പേസും ബൗൺസും കിട്ടുന്ന പിച്ചുകളിലാണ് ഓസീസ് ബോളർമാരുടെ നെറ്റ്സ് പ്രാക്ടീസ്. മത്സരത്തിനു മൂന്നു ദിവസം മുൻപു മാത്രമാണ്, സമാനമായ പിച്ചുകൾ ടീമുകൾക്ക് അനുവദിക്കുകയെന്ന് മെൽബൺ പിച്ച് ക്യുറേറ്റർ മാറ്റ് പാഗ്സ് പ്രതികരിച്ചു. ഇത് എല്ലാ ടീമുകൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.