വനിതാ റിപ്പോർട്ടറോട് രോഷപ്രകടനം, വിരാട് കോലി വഴക്കാളിയെന്ന് ഓസ്ട്രേലിയൻ അവതാരകൻ; വിവാദം
Mail This Article
മെൽബണ്‍∙ വനിതാ റിപ്പോർട്ടറോട് തർക്കിച്ച വിരാട് കോലിയെപ്പറ്റി മോശം പരാമർശങ്ങളുമായി ഓസ്ട്രേലിയൻ അവതാരകൻ. കോലിയുടേയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച നാറ്റ് യോന്നിദിസ് എന്ന വനിതാ റിപ്പോർട്ടറോട് ഇന്ത്യൻ സൂപ്പർ താരം കഴിഞ്ഞ ദിവസം ചൂടായിരുന്നു. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തരുതെന്നായിരുന്നു ടിവി റിപ്പോർട്ടറോടു കോലി പറഞ്ഞത്. കോലി വനിതാ റിപ്പോർട്ടറോട് ദേഷ്യപ്പെട്ടെന്നും ഇന്ത്യൻ താരം വെറും ‘വഴക്കാളി’ മാത്രമാണെന്നും ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകൻ ടോണി ജോൺസ് പ്രതികരിച്ചു.
‘‘ഇതു വളരെ അസഹനീയമായ കാര്യമായിപ്പോയി. റിപ്പോർട്ടറും അവരുടെ ക്യാമറമാനും സ്ഥിരമായി ചെയ്യുന്ന ജോലിയാണ് വിമാനത്താവളത്തിലും ചെയ്തത്. രാഷ്ട്രീയക്കാരായാലും കായിക താരങ്ങളായാലും വിമാനത്താവളത്തിൽ അവരുടെ ദൃശ്യങ്ങളെടുക്കുകയാണു പതിവ്. അദ്ദേഹം വിരാട് കോലിയായതിനാലാണ് ക്യാമറകൾ അദ്ദേഹത്തിലേക്ക് ഫോക്കസ് ചെയ്യുന്നത്. അതിന് കോലി ദേഷ്യപ്പെടുകയാണ്.’’– ടോണി ജോൺസ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘അദ്ദേഹം രാജ്യാന്തര തലത്തിൽ തന്നെ സൂപ്പർ സ്റ്റാറാണ്. അതുകൊണ്ടാണ് കോലി എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അതിനാണ് അദ്ദേഹം ദേഷ്യപ്പെടുന്നത്. കോലി ആ പെൺകുട്ടിക്കു നേരെ തിരിഞ്ഞാണു സംസാരിക്കുന്നത്. വളരെയേറെ രോഷത്തോടെയാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്. നിങ്ങൾ ഒരു വഴക്കാളിയല്ലാതെ മറ്റൊന്നുമല്ല.’’– ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ പ്രതികരിച്ചു.
ഇന്ത്യൻ താരങ്ങളും ഓസ്ട്രേലിയൻ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വഷളായി നിൽക്കെയാണ് കോലിക്കെതിരെ ഓസ്ട്രേലിയൻ ടെലിവിഷൻ അവതാരകൻ ആഞ്ഞടിച്ചത്. ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഹിന്ദി ഭാഷയിൽ മറുപടി നൽകിയതും വിവാദമായിരുന്നു.