ഇന്ത്യയുടെ വാലറ്റക്കാർ കാണിച്ച ഔചിത്യം മുൻനിര ബാറ്റർമാർ മാതൃകയാക്കണം; മെൽബണിൽ ലയണിനെ സൂക്ഷിക്കണം
Mail This Article
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയെക്കാൾ ഈ ടെസ്റ്റ് നിർണായകമാവുക ടീം ഇന്ത്യയ്ക്കാണ്. ഈ മത്സരം ജയിക്കാനായാൽ ബോർഡർ– ഗാവസ്കർ ട്രോഫി കൈവിട്ടുപോകാതെ നോക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. വിദേശത്ത് ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടാനായിട്ടുള്ള ഗ്രൗണ്ടുകളിൽ ഒന്നാണ് മെൽബണിലേത്.
ഇവിടെ ഇതുവരെ 4 തവണ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിട്ടുണ്ട്. പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടത്തേതെങ്കിലും മനസ്സുകൊടുത്തു കളിച്ചാൽ ഇന്ത്യൻ ബാറ്റർമാർക്ക് റൺ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല. ഏതു പിച്ചിലും നാശം വിതയ്ക്കാൻ കഴിവുള്ള മിച്ചൽ സ്റ്റാർക്കിന്റെ ഓപ്പണിങ് സ്പെൽ ഇന്ത്യ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ. കഴിഞ്ഞ മത്സരങ്ങളിൽ വാലറ്റത്തുള്ള ബാറ്റർമാർ കാണിച്ച ഔചിത്യം മുൻനിര ബാറ്റർമാർ മാതൃകയാക്കണം.
സ്പിന്നർമാരെയും നിരാശപ്പെടുത്താത്ത പിച്ചാണ് ഇവിടത്തേത്. ഓസീസ് സീനിയർ സ്പിന്നർ നേഥൻ ലയണിന്റെ ഭാഗ്യ പിച്ചുകളിൽ ഒന്നാണ് എംസിജി എന്നതിനാൽ ലയണിന്റെ സ്പിൻ കെണിയെ ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം. ഫോമിലുള്ള ട്രാവിസ് ഹെഡും ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തും അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.