രോഹിത് മൂന്ന് ഇന്നിങ്സുകളിൽ ആകെ 19 റൺസ്, കോലിയുടെ ഫോമിലും ആശങ്ക; മെൽബണിലും പേസ് ആധിപത്യം?
Mail This Article
മെൽബൺ ∙ 26.64, 27.13– ബോർഡർ ഗാവസ്കർ ട്രോഫി നാലാം ക്രിക്കറ്റ് ടെസ്റ്റിനായി മെൽബണിൽ നാളെ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത് ഈ നമ്പറുകളാണ്; ടീമിന്റെ നെടുംതൂണായ സീനിയർ താരം വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഈ വർഷത്തെ ടെസ്റ്റ് ബാറ്റിങ് ശരാശരി! ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ സെഞ്ചറി മാറ്റിനിർത്തിയാൽ 7, 7, 11, 3 എന്നിങ്ങനെയാണ് കഴിഞ്ഞ 5 ഇന്നിങ്സുകളിൽ വിരാട് കോലിയുടെ പ്രകടനം. പരുക്കുമൂലം ആദ്യ ടെസ്റ്റിൽ നിന്നു വിട്ടുനിന്ന രോഹിത്താവട്ടെ 3 ഇന്നിങ്സുകളിൽ നിന്ന് ആകെ നേടിയത് 19 റൺസ്. ഓസ്ട്രേലിയൻ പേസ് നിരയ്ക്കെതിരെ മുന്നിൽ നിന്നു നയിക്കേണ്ട ഇരുവരും നിറംമങ്ങിയതാണ് രണ്ടും മൂന്നും ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
നാളെ, ക്രിസ്മസ് പിറ്റേന്ന് ‘സമ്മാനപ്പെട്ടികൾ തുറക്കുന്ന’ ബോക്സിങ് ഡേയിൽ നടക്കുന്ന നാലാം ടെസ്റ്റിനായി മെൽബണിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ പ്രാർഥനയോടെ കാത്തിരിക്കുന്നത് ഇരുവരുടെയും ഫോമിന്റെ അൺബോക്സിങ്ങിനാണ്. പരമ്പരയിൽ ഇരു ടീമുകളും 1–1 എന്ന നിലയിലാണ്. നാലാം ടെസ്റ്റ് ജയിക്കുന്ന ടീമിന് പരമ്പര തോൽവി പിന്നെ പേടിക്കേണ്ടതില്ല. രാവിലെ 5 മണി മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
എല്ലാ ഭദ്രമെന്ന് രോഹിത്
നാലാം ടെസ്റ്റിനു മുന്നോടിയായി നടന്ന മാധ്യമ സമ്മേളനത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ടീമിലെ യുവതാരങ്ങളുടെ ഫോമിനെക്കുറിച്ചു ചോദിച്ചപ്പോൾ അവർ എല്ലാവരും ആത്മവിശ്വാസത്തിലാണെന്നും അമിത സമ്മർദം നൽകേണ്ട സാഹചര്യം ഇല്ലെന്നും രോഹിത് മറുപടി പറഞ്ഞു.
ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ആര് എവിടെ ബാറ്റ് ചെയ്യുമെന്നാലോചിച്ച് ആശങ്കപ്പെടേണ്ടെന്നും ടീമിന് ഗുണകരമാകുന്ന രീതിയിലാകും ബാറ്റിങ് ഓർഡർ തീരുമാനിക്കുകയെന്നും ക്യാപ്റ്റൻ വ്യക്തമാക്കി. തന്റെ കാൽമുട്ടിനേറ്റ പരുക്ക് സാരമുള്ളതല്ലെന്നും നാലാം ടെസ്റ്റിൽ കളിക്കാൻ തടസ്സമില്ലെന്നും രോഹിത് പറഞ്ഞു.
പിച്ചിൽ പേസ് തന്നെ
പേസ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നതെന്ന് പിച്ച് ക്യുറേറ്റർ മാറ്റ് പേജ്. പുല്ലിന്റെ അംശവും ഈർപ്പവും കൂടുതലുള്ള പിച്ചാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്. ആദ്യം ദിനം മുതൽ തന്നെ പേസ് ബോളർമാർക്ക് ഇവിടെ ആധിപത്യം ലഭിക്കുമെന്നും പേജ് പറഞ്ഞു.
അരങ്ങേറാൻ കോൺസ്റ്റാസ്
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഓസീസ് യുവതാരം സാം കോൺസ്റ്റാസ്. ഓപ്പണർ നേഥൻ മക്സ്വീനിക്കു പകരം ടീമിലെത്തിയ പത്തൊൻപതുകാരൻ കോൺസ്റ്റാസ്, നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് ഓസീസ് പരിശീലകൻ ആൻഡ്രു മക്ഡോണൾഡ് പറഞ്ഞു. ബാറ്റർ ട്രാവിസ് ഹെഡിന്റെ പരുക്കു ഗുരുതരമല്ലെന്നും ബോക്സിങ് ഡേ ടെസ്റ്റിൽ ഹെഡ് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തുമെന്നും മക്ഡോണൾഡ് വ്യക്തമാക്കി.