ആകാശ്ദീപിന്റെ നിർബന്ധത്തിൽ റിവ്യൂ എടുത്തു, രണ്ടാം അവസരവും പാഴാക്കി; അസ്വസ്ഥനായി രോഹിത്
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രണ്ട് ഡിആർഎസ് അവസരങ്ങൾ പാഴാക്കിക്കളഞ്ഞ് ഇന്ത്യ. മത്സരത്തിന്റെ 57–ാം ഓവറിലാണ് എങ്ങനെയും വിക്കറ്റു നേടാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്കു രണ്ടാം റിവ്യൂവും നഷ്ടമായത്. ആകാശ്ദീപ് എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ പാഡിൽ തട്ടിയതോടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു.
എന്നാൽ അംപയർ ഔട്ട് നൽകിയില്ല. ആകാശ്ദീപിന്റെ നിർബന്ധപ്രകാരം ക്യാപ്റ്റൻ രോഹിത് ഡിആർഎസ് എടുക്കുകയായിരുന്നു. റീപ്ലേയിൽ പന്ത് വിക്കറ്റിലേക്കല്ല പോകുന്നതെന്നു വ്യക്തമായതോടെ ഇന്ത്യയ്ക്ക് രണ്ടാം ഡിആർഎസും നഷ്ടമായി. അവസരം നഷ്ടമാക്കിയതിലുള്ള അതൃപ്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖത്തും പ്രകടമായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ആദ്യ ഡിആര്‍എസ് അവസരവും നഷ്ടമാക്കിയിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റിനു വേണ്ടിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ അപ്പീൽ. റീപ്ലേയിൽ ഇതും വിക്കല്ലെന്നു വ്യക്തമായി. ഡിആർഎസ് അവസരങ്ങൾ പാഴാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വൻ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.