സാം കോണ്‍സ്റ്റാസും കോലിയും കൂട്ടിയിടിച്ചു, ചോദ്യം ചെയ്ത് 19 വയസ്സുകാരൻ; ഗ്രൗണ്ടിൽ വൻ തർക്കം- വിഡിയോ
Mail This Article
മെൽബൺ∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗ്രൗണ്ടിൽ വിരാട് കോലി– സാം കോൺസ്റ്റാസ് ഏറ്റുമുട്ടൽ. അരങ്ങേറ്റ മത്സരത്തിൽ 19 വയസ്സുകാരനായ സാം ഓപ്പണറായി ഇറങ്ങി തകർത്തു കളിക്കുന്നതിനിടെയാണ് കോലിയുമായി തർക്കമുണ്ടായത്. ബാറ്റിങ്ങിനിടെ നടന്നുപോകുകയായിരുന്ന കോൺസ്റ്റാസും വിരാട് കോലിയും തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. കോലി ഇതു ശ്രദ്ധിക്കാതെ പോയെങ്കിലും, കോൺസ്റ്റാസ് ചോദ്യം ചെയ്തു.
ഇതോടെ കോലി മടങ്ങിയെത്തി ഓസീസ് യുവതാരത്തിനു മറുപടി നൽകി.തർക്കം രൂക്ഷമായതോടെ ഓസീസ് താരം ഉസ്മാൻ ഖവാജയും അംപയർമാരും ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രശ്നമുണ്ടാക്കുന്നതിനു വേണ്ടി വിരാട് കോലി ബോധപൂർവം ഇതു ചെയ്തതാണെന്നു തോന്നുന്നതായി ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആരോപിച്ചു. ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കമന്ററി ബോക്സിലുണ്ടായിരുന്ന പോണ്ടിങ് പറഞ്ഞു.
65 പന്തിൽ 60 റൺസെടുത്താണു സാം കോൺസ്റ്റാസ് ആദ്യ ഇന്നിങ്സിൽ പുറത്തായത്. രണ്ടു സിക്സുകളും ആറു ഫോറുകളും താരം ആദ്യ ഇന്നിങ്സിൽ ബൗണ്ടറി കടത്തിവിട്ടു. ജസ്പ്രീത് ബുമ്രയെ അടക്കം സാഹസികമായി നേരിട്ട കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു.