ADVERTISEMENT

മെൽബൺ∙ കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോലിയെ കോമാളിയായി ചിത്രീകരിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്കറും ഇർഫാൻ പഠാനും. ഇത്തരം അനാവശ്യ രീതികളോട് ഇപ്പോൾത്തന്നെ ശക്തമായ ഭാഷയിൽ പ്രതികരിച്ചില്ലെങ്കിൽ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഇത് ഭാവിയിലും ഇതേപടി തുടരുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി വിലയിരുത്തുമ്പോഴാണ് കോലിക്കെതിരായ ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ നീക്കത്തെ ഇരുവരും വിമർശിച്ചത്.

‘‘ഓസ്ട്രേലിയയിലെ മാധ്യമങ്ങൾക്കും  ചില മുൻ ക്രിക്കറ്റ് താരങ്ങൾക്കു പോലും എന്തൊരു ഇരട്ടത്താപ്പാണ്! ഒരു വശത്ത് കോലിയെ ‘കിങ്’ എന്നു വിശേഷിപ്പിക്കുന്നു. അദ്ദേഹം കളത്തിൽ അൽപം ആക്രമണോത്സുകതയോടെ പെരുമാറിയാൽ ഉടൻ കോമാളിയെന്ന് വിശേഷിപ്പിക്കുന്നു. കോലി ചെയ്തതിനെ ഞങ്ങളാരും ന്യായീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അംപയർമാരും മറ്റ് അധികൃതരുമുണ്ട്. എന്നിട്ടും കോലിയെ കോമാളിയെന്ന് വിശേഷിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്.’’

‘‘അദ്ദേഹത്തിന്റെ ജനപ്രീതി മുതലെടുത്ത് ഓസ്ട്രേലിയയിൽ ക്രിക്കറ്റ് വളർത്താനാണ് ശ്രമം. പക്ഷേ, അത് ചെയ്യുന്നത് എന്തൊരു മോശം രീതിയിലാണ്. അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യു മോശം രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഈ പരിപാടി ഞങ്ങൾക്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല’ – പഠാൻ പറഞ്ഞു.

കോലിയെ ഇകഴ്ത്തിക്കാട്ടാൻ ഓസീസ് മാധ്യമങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും പഠാൻ ആരോപിച്ചു. കായികരംഗത്തെ തന്നെ ഒന്നാം നിര താരവും ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡറുമാണ് കോലി. അദ്ദേഹത്തെയാണ് ഇത്തരത്തിൽ കോമാളിയായി ചിത്രീകരിക്കുന്നതെന്ന് പഠാൻ ചൂണ്ടിക്കാട്ടി. 

പഠാന്റെ അഭിപ്രായത്തെ പിന്തുണച്ച് സംസാരിച്ച സുനിൽ ഗാവസ്കർ, ‘ഞങ്ങൾ ചെയ്താൽ എല്ലാം ശരി, നിങ്ങൾ ചെയ്താൽ വലിയ കുറ്റം’ എന്നതാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ രീതിയെന്ന് കുറ്റപ്പെടുത്തി. പണ്ടു മുതലേ ഇതാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary:

Irfan Pathan slams Aussie media for Virat Kohli witch hunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com