ഓപ്പണറായിട്ടും രക്ഷയില്ല, അഞ്ച് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്തു രോഹിത് ശർമ പുറത്ത്- വിഡിയോ
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയിട്ടും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു രക്ഷയില്ല. അഞ്ചു പന്തുകൾ നേരിട്ട രോഹിത് മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ഔട്ടായത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിന്‍സിന്റെ പന്ത് മിഡ് ഓണിലേക്ക് ഉയർത്തിയടിച്ച രോഹിതിനെ, സ്കോട്ട് ബോളണ്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ രോഹിത് ശര്‍മ ആറാം നമ്പരിലാണു ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. എന്നാൽ യശസ്വി ജയ്സ്വാൾ– കെ.എൽ. രാഹുൽ സഖ്യം കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും നിരാശപ്പെടുത്തിയതോടെ, വീണ്ടും ഓപ്പണറാകാൻ രോഹിത് തീരുമാനിക്കുകയായിരുന്നു. എന്നാൽ മെൽബണിലും ഓപ്പണിങ് കൂട്ടുകെട്ടിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു നിരാശയായിരുന്നു ഫലം.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനു ശേഷമാണ് രോഹിത് ശര്‍മ ബോർഡർ ഗാവസ്കർ ട്രോഫിക്കെത്തിയത്. അഡ്‍ലെയ്ഡ് ടെസ്റ്റിൽ 3,6 എന്നിങ്ങനെയാണ് രോഹിത് രണ്ട് ഇന്നിങ്സുകളിലുമായി നേടിയ സ്കോറുകൾ. ബ്രിസ്ബെയ്നിൽ ആദ്യ ഇന്നിങ്സിൽ 10 റൺസെടുത്തു പുറത്തായി. ഓസ്ട്രേലിയയിൽ സീനിയർ താരങ്ങളായ രോഹിത്തും വിരാട് കോലിയും തിളങ്ങാതിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ ആകെയുള്ള പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ട്.