4,483 പന്തുകള്‍ക്കൊടുവില്‍ ടെസ്റ്റിൽ ബുമ്രയ്ക്കെതിരെ സിക്സ്! 65 പന്തിൽ 60, ഞെട്ടിച്ച് സാം കോൺസ്റ്റാസ്- വിഡിയോ
Mail This Article
മെൽബൺ∙ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്കെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഓസ്ട്രേലിയൻ ഓപ്പണര്‍ സാം കോൺസ്റ്റാസ്. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ താരം 65 പന്തില്‍ 60 റൺെസടുത്തു പുറത്തായി. ഉസ്മാൻ ഖവാജയ്ക്കൊപ്പം കരിയറിലെ ആദ്യ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയ 19 വയസ്സുകാരൻ രണ്ടു സിക്സുകളും ആറു ഫോറുകളും മെൽബണിൽ ബൗണ്ടറി കടത്തി.
ജസ്പ്രീത് ബുമ്രയുൾപ്പടെയുള്ള ബോളർമാർക്കെതിരെ അനായാസമായിരുന്നു താരത്തിന്റെ ബാറ്റിങ്. രവീന്ദ്ര ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് കോൺസ്റ്റാസ് മടങ്ങുന്നത്. ബുമ്രയുടെ ഒരോവറില്‍ 18 റൺസെടുത്താണ് കോൺസ്റ്റാസ് ക്രിക്കറ്റിലേക്കുള്ള എൻട്രി പ്രഖ്യാപിച്ചത്. ഈ ഓവറിൽ ഒരു സിക്സും രണ്ട് ഫോറുകളും രണ്ട് ഡബിളുകളുമാണ് കോൺസ്റ്റാസ് നേടിയത്. ടെസ്റ്റിൽ മൂന്നു വർഷത്തിനിടെ ബുമ്രയുടെ പന്തില്‍ സിക്സടിക്കുന്ന ആദ്യ താരമാണ് കോൺസ്റ്റാസ്. സിക്സുകൾ വഴങ്ങാതെ 4,483 പന്തുകള്‍ ബുമ്ര ടെസ്റ്റ് ക്രിക്കറ്റിൽ എറിഞ്ഞിട്ടുണ്ട്.
ബുമ്രയ്ക്കെതിരെ കോണ്‍സ്റ്റാസ് നേടിയ റിവേഴ്സ് സ്കൂപ്പ് സിക്സും എടുത്തുപറയേണ്ടതാണ്. ബുമ്രയെ യുവതാരം കൈകാര്യം ചെയ്ത രീതിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഓസ്ട്രേലിയയിലെ ട്വന്റി20 ടൂർണമെന്റായ ബിഗ് ബാഷിൽ സിഡ്നി തണ്ടേഴ്സിന്റെ ഓപ്പണറായി കളിക്കുന്നതിനിടെയാണ് കോൺസ്റ്റാസിന് ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തുന്നത്. ഓസ്ട്രേലിയ എ ടീമിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.