ആര് പുറത്താക്കാൻ ഞാനോ? പന്തെറിയേണ്ടിവരും!: വിക്കറ്റെടുക്കാൻ ജഡേജയെ സമ്മര്‍ദത്തിലാക്കി രോഹിത്- വിഡിയോ
Mail This Article
മെൽബൺ∙ ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ബാറ്ററുടെ വിക്കറ്റെടുക്കാൻ രവീന്ദ്ര ജഡേജയിൽ സമ്മർദം ചെലുത്തുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ വൈറൽ. രണ്ടാം ദിവസം ഓസ്ട്രേലിയൻ താരങ്ങളായ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയ്ക്ക് വിക്കറ്റെടുക്കാനായി രോഹിത് ശർമ നിർദേശങ്ങൾ നൽകുന്നത്. ഇരുവരും ചേർന്ന് 19 റൺസിന്റെ കൂട്ടുകെട്ട് വാലറ്റത്ത് ഉണ്ടാക്കിയതോടെ ഓസ്ട്രേലിയ 122.4 ഓവറിൽ 474 റൺസെടുത്തു പുറത്തായിരുന്നു.
വാലറ്റക്കാരുടെ ബാറ്റിങ് തുടരുന്നതിനിടെ രോഹിത് പറഞ്ഞത് ഇങ്ങനെ– ‘‘ആ ഭാഗത്ത് ബൗണ്ടറിക്കു നീളം കൂടുതലാണ്. നമ്മൾ അവനെ പുറത്താക്കണം. അതാര് ചെയ്യും. ഞാനോ?. ഞാൻ പന്തെറിയേണ്ടിവരും.’’ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിക്കരുത്തിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോറിലെത്തിയത്. 197 പന്തുകൾ നേരിട്ട സ്മിത്ത് 140 റൺസെടുത്തു. 167 പന്തുകളിലാണ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34–ാം സെഞ്ചറി തികച്ചത്.
സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72) എന്നിവർ ഓസീസിനായി അർധ സെഞ്ചറി നേടി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. അഞ്ച് പന്തുകൾ നേരിട്ട രോഹിത് പാറ്റ് കമിൻസിന്റെ പന്തിൽ പുറത്താകുകയായിരുന്നു.