ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തീർത്തും മോശം പ്രകടനം തുടരുന്ന രോഹിത് ശർമ, ബോർഡർ – ഗാവസ്കർ ട്രോഫിയോടെ വിരമിച്ചേക്കുമെന്ന് വ്യാപക അഭ്യൂഹം. പരമ്പരയിലുടനീളം ഫോം കണ്ടെത്താനാകാതെ ഉഴറുന്ന രോഹിത്തുമായി, സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ സംസാരിച്ചേക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അജിത് അഗാർക്കർ നിലവിൽ ഓസ്ട്രേലിയയിലാണുള്ളത്. ഈ സാഹചര്യത്തിലാണ്, ഭാവിയെക്കുറിച്ച് രോഹിത്തുമായി അദ്ദേഹം സംസാരിച്ചേക്കുമെന്ന റിപ്പോർട്ട്.

കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് രോഹിത് കടന്നുപോകുന്നതെന്ന്, ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ സംസാരിക്കുമ്പോൾ മുൻ താരം സുനിൽ ഗാവസ്കറും അഭിപ്രായപ്പെട്ടിരുന്നു. ‘‘ഇനി മെൽബണിൽ ഒരു ഇന്നിങ്സ് കൂടി ബാക്കിയുണ്ട്. അതിനു ശേഷം സിഡ്നിയിൽ രണ്ട് ഇന്നിങ്സുകൾ കൂടി. ഈ മൂന്ന് ഇന്നിങ്സിലും രോഹിത്തിന് കാര്യമായി റൺസ് കണ്ടെത്താനായില്ലെങ്കിൽ ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉയരുമെന്ന് തീർച്ച’ – ഗാവസ്കർ പറഞ്ഞു.

‍കെ.എൽ.രാഹുലിനെ മൂന്നാമതാക്കി ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയിട്ടും രോഹിത് ശർമയുടെ രണ്ടക്ക ദോഷം മാറാത്തത് വലിയ തോതിൽ ചർച്ചയായിരുന്നു. മെൽബണിൽ ഓസ്ട്രേലിയ ഉയർത്തിയ റൺമല കീഴടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റനെ (3) നഷ്ടമായി. പരമ്പരയിൽ ഇതുവരെ കളിച്ച 4 ഇന്നിങ്സുകളിൽ നിന്ന് 22 റൺസ് മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റന്റെ ശരാശരി ആറിൽ താഴെയാണ്. മാത്രമല്ല, ഇത്തവണ പരമ്പരയിൽ ഇന്ത്യ ജയിച്ച ഒരേയൊരു മത്സരം രോഹിത്തിന്റെ അസാന്നിധ്യത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും ഒടുവിൽ കളിച്ച എട്ട് ടെസ്റ്റുകളിലെ 14 ഇന്നിങ്സുകളിൽ നിന്നായി 11.07 ശരാശരിയിൽ 155 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഇന്ത്യയ്‌ക്ക് ഇത്തവണ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു യോഗ്യത നേടാനായില്ലെങ്കിൽ, സിഡ്നിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് രോഹിത് ശർമയുടെ വിരമിക്കൽ ടെസ്റ്റ് ആകാനാണ് സാധ്യതയെന്നാണ് പൊതു വിലയിരുത്തൽ.

അതേസമയം, ഒട്ടും ഫോമിലല്ലാത്ത സാഹചര്യത്തിൽ സിഡ്നി ടെസ്റ്റിലും കളിക്കാതെ രോഹിത് സ്വയം വിട്ടുനിൽക്കുമോയെന്ന ചോദ്യവും ചില കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരിക്കെ ഇപ്പോഴത്തെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇത്തരത്തിൽ സ്വയം വിട്ടുനിന്നതാണ് ഇവർ മാതൃകയായി ഉയർത്തിക്കാട്ടുന്നത്.

English Summary:

Ajit Agarkar To Speak To Rohit Sharma On Test Future, Says Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com