‘പുഷ്പയെ ഓസ്ട്രേലിയയിൽ എത്തിച്ച്’ നിതീഷ് റെഡ്ഡി; കന്നി അർധസെഞ്ചറി ആഘോഷം ‘പുഷ്പ സ്റ്റൈലി’ൽ– വിഡിയോ
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോഓൺ ഭീഷണി ഒഴിവാക്കുമ്പോൾ, കളത്തിൽ മുഖ്യ കാർമികനായി യുവതാരം നിതീഷ് കുമാർ റെഡ്ഡി. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ കണ്ടെത്തലെന്ന് വിശേഷിപ്പിക്കാവുന്ന നിതീഷ് റെഡ്ഡി, രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കന്നി അർധസെഞ്ചറി ആഘോഷിച്ചത് ‘പുഷ്പ സ്റ്റൈലിൽ’. പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി സൂപ്പർതാരം അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണിത്. കൈകൊണ്ടാണ് അല്ലു മാസ് കാട്ടിയതെങ്കിൽ, ബാറ്റുകൊണ്ടായിരുന്നു നിതീഷ് റെഡ്ഡിയുടെ ആഘോഷം.
ഈ പരമ്പരയിൽ പലതവണ 40കളിൽ എത്തിയെങ്കിലും, അതൊന്നും അർധസെഞ്ചറിയിലെത്തിക്കാൻ സാധിക്കാതെ പോയതിന്റെ നിരാശ തീർത്താണ് മെൽബണിൽ താരം അർധസെഞ്ചറി നേടിയത്. 81 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് റെഡ്ഡി അർധസെഞ്ചറി പൂർത്തിയാക്കിയത്. പിരിയാത്ത എട്ടാം വിക്കറ്റിൽ വാഷിങ്ടൻ സുന്ദറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടു തീർക്കാനും നിതീഷിനായി.
പരമ്പരയിലുടനീളം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന നിതീഷ് റെഡ്ഡി, ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ അഞ്ചാമനാണ്. വ്യക്തിഗത സ്കോർ 55ൽ നിൽക്കുമ്പോൾ, പരമ്പരയിൽ താരത്തിന്റെ സമ്പാദ്യം 238 റൺസാണ്. റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ യശസ്വി ജയ്സ്വാൾ (275), കെ.എൽ. രാഹുൽ (259) എന്നിവർക്കു പിന്നിൽ മൂന്നാമനുമാണ് റെഡ്ഡി. ആദ്യ അഞ്ചിലുള്ള താരങ്ങളിൽ മികച്ച രണ്ടാമത്തെ റൺശരാശരിയിലും നിതീഷിന്റെ പേരിലാണ്.