‘വാലിൽക്കുത്തി’ തിരിച്ചടിച്ച് ഓസീസ്, 333 റൺസ് ലീഡ്; 10–ാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി ലയൺ–ബോളണ്ട് സഖ്യം– വിഡിയോ
Mail This Article
മെൽബൺ ∙ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ ക്ലൈമാക്സ് ഉറപ്പാക്കി മത്സരം അവസാന ദിനത്തിലേക്ക്. നാലാം ദിനം ഇന്ത്യ നേടിയെടുത്ത ആധിപത്യമെല്ലാം പിരിയാത്ത പത്താം വിക്കറ്റിലെ അർധസെഞ്ചറി കൂട്ടുകെട്ടുമായി നേഥൻ ലയൺ – സ്കോട് ബോളണ്ട് സഖ്യം കവർന്നതോടെ, നാലാം ദിനം കളി നിർത്തുമ്പോൾ ഓസീസ് 82 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിൽ. ആകെ ലീഡ് 333 റൺസ്. ലയൺ 41 റൺസോടെയും ബോളണ്ട് 10 റൺസോടെയും ക്രീസിൽ. പിരിയാത്ത 10–ാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 55 റൺസ്. ഇന്ത്യൻ പേസ് – സ്പിൻ ആക്രമണങ്ങളെ ഇരുവരും വിജയകരമായി പ്രതിരോധിച്ചുനിന്നത് 110 പന്തുകൾ!
ഇതുവരെ 54 പന്തുകൾ നേരിട്ട ലയൺ, അഞ്ച് ഫോറുകളോടെയാണ് 41 റൺസെടുത്തത്. ബോളണ്ട് 65 പന്തുകൾ നേരിട്ട് ഒരേയൊരു ഫോർ സഹിതവും 10 റൺസെടുത്തു. ഈ കൂട്ടുകെട്ട് പിരിക്കാനായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ തുടങ്ങി കൈവശമുള്ള ആയുധങ്ങളെല്ലാം രോഹിത് ഉപയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെ കൈവശമുണ്ടായിരുന്ന 3 റിവ്യൂ അവസരങ്ങളും ഉപയോഗപ്പെടുത്തിയതും വെറുതെയായി. വ്യക്തിഗത സ്കോർ അഞ്ചിൽ നിൽക്കെ ലയണിനെ സ്വന്തം ബോളിങ്ങിൽ മുഹമ്മദ് സിറാജ് കൈവിട്ടതും നിർണായകമായി. ഈ സമയത്ത് ഓസീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 174 റൺസ് മാത്രം. നാലാം ദിനത്തിലെ അവസാന ഓവറിൽ ബുമ്ര നേഥൻ ലയണിനെ പുറത്താക്കിയെങ്കിലും, ആ പന്ത് നോബോളായതും നിർഭാഗ്യമായി.
അർധസെഞ്ചറി നേടിയ മാർനസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 139 പന്തുകൾ നേരിട്ട ലബുഷെയ്ൻ, മൂന്നു ഫോറുകൾ സഹിതമാണ് 70 റൺസെടുത്തത്. അർധസെഞ്ചറിയിലേക്കു പോലും എത്തുന്നതിനു മുൻപ് യശസ്വി ജയ്‌സ്വാൾ രണ്ടു തവണ ലബുഷെയ്നെ കൈവിട്ടിരുന്നു. ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ അവസരോചിത ഇന്നിങ്സും ഓസീസിന് തുണയായി. കമിൻസ് 90 പന്തിൽ നാലു ഫോറുകൾ സഹിതം 41 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ 49 റൺസുമെടുത്ത കമിൻസ് ഈ ടെസ്റ്റിൽ ആകെ നേടിയ 90 റൺസ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്. ഇവർക്കു പുറമേ ഓസീസ് നിരയിൽ ഓപ്പണർ ഉസ്മാൻ ഖവാജ (65 പന്തിൽ 21), സ്റ്റീവ് സ്മിത്ത് (41 പന്തിൽ 13) എന്നിവരും രണ്ടക്കത്തിലെത്തി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 24 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 22 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 14 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഓസീസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് റണ്ണൗട്ടായി.
നേരത്തേ, ഒന്നാം ഇന്നിങ്സിൽ 105 റൺസിന്റെ ലീഡ് സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഇന്ത്യയെ 369 റൺസിൽ എറിഞ്ഞിട്ടത്. 119.3 ഓവർ ക്രീസിൽ നിന്നാണ് ഇന്ത്യ 369 റൺസെടുത്തത്. 9ന് 358 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 11 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും നിതീഷ് റെഡ്ഡിയുടെ വിക്കറ്റാണ് നഷ്ടമായത്. 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്ത റെഡ്ഡിയെ, നേഥൻ ലയണാണ് പുറത്താക്കിയത്. മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്തു. മുഹമ്മദ് സിറാജ് 15 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ്, സ്കോട് ബോളണ്ട്, നേഥൻ ലയൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
∙ ബുമ്ര തന്നെ ആയുധം!
ഒന്നാം ഇന്നിങ്സിൽ ബുമ്രയ്‌ക്കെതിരെ തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ സാം കോൺസ്റ്റാസിന്, ബുമ്ര തന്നെ തിരിച്ചടി നൽകുന്ന കാഴ്ചയോടെയാണ് രണ്ടാം ഇന്നിങ്സിന് തുടക്കമായത്. 18 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത കോൺസ്റ്റാസിനെ ബുമ്ര ക്ലീൻ ബൗൾഡാക്കി. ഇന്ത്യൻ പേസ് ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഉസ്മാൻ ഖവാജയുടെ ഊഴമായിരുന്നു അടുത്തത്. 65 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്ത ഖവാജയെ മുഹമ്മദ് സിറാജും പുറത്താക്കിയതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടിന് 53 റൺസ് എന്ന നിലയിലായി ഓസീസ്.
ലഞ്ചിനു ശേഷം തിരിച്ചെത്തിയതിനു പിന്നാലെ മാർനസ് ലബുഷെയ്ൻ – സ്റ്റീവ് സ്മിത്ത് സഖ്യം ഒരിക്കൽക്കൂടി ഇന്ത്യയെ ആശങ്കയിലാഴ്ത്തി. മൂന്നാം വിക്കറ്റിൽ ഉറച്ച പ്രതിരോധവുമായി 37 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ, സ്മിത്തിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ടു പൊളിച്ചത്. തൊട്ടുപിന്നാലെ ഇന്ത്യയുടെ സ്ഥിരം ‘തലവേദന’ ട്രാവിസ് ഹെഡിനെ നിരായുധനാക്കി ബുമ്ര ആഞ്ഞടിച്ചതോടെ ഇന്ത്യൻ നിരയിൽ ആവേശം. അതേ ഓവറിൽ മിച്ചൽ മാർഷിനെയും ബുമ്ര പൂജ്യത്തിനു പുറത്താക്കിയതോടെ ഓസീസ് അഞ്ചിന് 85 റൺസ് എന്ന നിലയിലേക്ക് പതിച്ചു. അടുത്ത വരവിൽ അലക്സ് കാരിയുടെ പ്രതിരോധവും ബുമ്ര തകർത്തതോടെ ഓസീസ് ആറിന് 91 റൺസ് എന്ന നിലയിലായി. ഏഴു പന്തിൽ രണ്ടു റൺസെടുത്തായിരുന്നു കാരിയുടെ മടക്കം.
പിന്നീട് ക്രീസിൽ ഒരുമിച്ച മാർനസ് ലബുഷെയ്ൻ – പാറ്റ് കമിൻസ് സഖ്യം ഓസ്ട്രേലിയയുടെ രക്ഷകരായി. ഇരുവരെയും യശസ്വി ജയ്‌സ്വാൾ ‘കൈവിട്ടു സഹായിക്കുക’ കൂടി ചെയ്തതോടെ ഏഴാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേർത്തത് 57 റൺസ്. ഒടുവിൽ ലബുഷെയ്നെ പുറത്താക്കി സിറാജാണ് കൂട്ടുകെട്ടു പൊളിച്ചത്. മിച്ചൽ സ്റ്റാർക്കിനെ (13 പന്തിൽ അഞ്ച്) പന്ത് തകർപ്പൻ ത്രോയിലൂടെ റണ്ണൗട്ടാക്കി. ഒൻപതാം വിക്കറ്റിൽ 17 റൺസ് കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ കമിൻസിനെ (90 പന്തിൽ 41) ജഡേജയുടെ പന്തിൽ രോഹിത് ശർമ പിടികൂടി. ഇതിനു പിന്നാലെ 10–ാം വിക്കറ്റിൽ ലയൺ – ബോളണ്ട് സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തതോടെ ഇന്ത്യ പിൻസീറ്റിലായി.
ഒന്നാം ഇന്നിങ്സിൽ 105 റൺസിന്റെ ലീഡ് സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഇന്ത്യെ 369 റൺസിൽ എറിഞ്ഞിട്ടത്. 119.3 ഓവർ ക്രീസിൽ നിന്നാണ് ഇന്ത്യ 369 റൺസെടുത്തത്. 9ന് 358 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 11 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും നിതീഷ് റെഡ്ഡിയുടെ വിക്കറ്റാണ് നഷ്ടമായത്. 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്ത റെഡ്ഡിയെ, നേഥൻ ലയണാണ് പുറത്താക്കിയത്. മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്തു. മുഹമ്മദ് സിറാജ് 15 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ്, സ്കോട് ബോളണ്ട്, നേഥൻ ലയൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
∙ ‘റെഡ്ഡിക്കരുത്തി’ൽ ഇന്ത്യ!
നേരത്തേ, സീനിയർ താരങ്ങൾ ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ കീഴടങ്ങിയ പിച്ചിൽ തന്റെ കന്നി ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു ഇരുപത്തിയൊന്നുകാരൻ നെഞ്ചുവിരിച്ചു നിന്നതോടെയാണ്, ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഫോളോഓൺ നാണക്കേട് ഒഴിവാക്കിയത്. കരിയറിലെ നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയുടെ അപരാജിത സെഞ്ചറിക്കരുത്തിൽ (105 ബാറ്റിങ്) പൊരുതിയ ഇന്ത്യ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 9ന് 358 എന്ന നിലയിലായിരുന്നു. 2 റൺസുമായി മുഹമ്മദ് സിറാജാണ് നിതീഷിനൊപ്പം ക്രീസിലുണ്ടായിരുന്നത്. അർധ സെഞ്ചറി നേടിയ വാഷിങ്ടൻ സുന്ദറും (50) ഇന്ത്യൻ നിരയിൽ തിളങ്ങി.
5ന് 164 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് അധികം വൈകാതെ ഋഷഭ് പന്തിനെ (28) നഷ്ടമായി. സ്കോട് ബോളണ്ടിന്റെ ഫുൾലെങ്ത് പന്തിൽ അലക്ഷ്യമായൊരു ലാപ് ഷോട്ടിനു ശ്രമിച്ച പന്ത്, തേഡ്മാനിൽ നേഥൻ ലയണിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പന്തിനെ വീഴ്ത്താനായി ഡീപ് ഫൈൻ ലെഗിലും ഡീപ് തേഡ് മാനിലും ഫീൽഡറെ ഇട്ട ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ വലയിൽ ഇന്ത്യൻ താരം കൃത്യമായി ചെന്നു വീഴുകയായിരുന്നു. ഇന്ത്യ ഫോളോഓൺ ഭീഷണി പോലും മറികടക്കാതിരുന്ന സാഹചര്യത്തിലായിരുന്നു പന്തിന്റെ ഈ അതിസാഹസം.
പന്ത് പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും (17) മടങ്ങിയതോടെ 7ന് 221 എന്ന നിലയിലേക്ക് ഇന്ത്യ വീണു. അതോടെ ഫോളോഓൺ വഴങ്ങേണ്ടിവരുമെന്ന് ഏറക്കുറെ ഉറപ്പിച്ച ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ്– വാഷിങ്ടൻ കൂട്ടുകെട്ടാണ്.
∙ ഇന്ത്യൻ തിരിച്ചടി
ആദ്യ സെഷനിൽ ഇനി വിക്കറ്റ് നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു നിതീഷ്– വാഷിങ്ടൻ സഖ്യത്തിന്റെ പ്രഥമ ലക്ഷ്യം. അതിൽ വിജയിച്ചതിനു പിന്നാലെയാണ് ഇരുവരും സ്കോറിങ്ങിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. വാഷിങ്ടൻ പ്രതിരോധത്തിലൂന്നി ഓസീസ് ബോളർമാരുടെ ക്ഷമ പരീക്ഷിച്ചപ്പോൾ വീണുകിട്ടുന്ന മോശം പന്തുകൾ ബൗണ്ടറി കടത്തി സ്കോർ ബോർഡ് ചലിപ്പിക്കുന്നതിലായിരുന്നു നിതീഷിന്റെ ശ്രദ്ധ. എട്ടാം വിക്കറ്റിൽ 127 റൺസാണ് ഇരുവരും ചേർന്നു നേടിയത്. മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതുതന്നെ.
ഒടുവിൽ നേഥൻ ലയണിന്റെ പന്തിൽ വാഷിങ്ടൻ പുറത്താകുമ്പോൾ സെഞ്ചറിക്ക് 3 റൺസ് അകലെയായിരുന്നു നിതീഷ്. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്ര അക്കൗണ്ട് തുറക്കുന്നതിനു മുൻപേ പുറത്തായതോടെ നിതീഷിന്റെ കന്നി സെഞ്ചറി മോഹം നോൺ സ്ട്രൈക്കർ എൻഡിൽ അവസാനിക്കുമോ എന്നു ഭയന്നെങ്കിലും ഓവറിൽ ബാക്കിയുണ്ടായിരുന്ന 3 പന്തിൽ കൃത്യമായി പ്രതിരോധിച്ച മുഹമ്മദ് സിറാജ്, നിതീഷിന് സ്ട്രൈക്ക് കൈമാറി. സ്കോട് ബോളണ്ട് എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് ലോങ് ഓണിനു മുകളിലൂടെ ലോഫ്റ്റഡ് ഡ്രൈവ് ചെയ്ത് ബൗണ്ടറി കടത്തിയ നിതീഷ്, തന്റെ കന്നി സെഞ്ചറിയിലേക്ക് ഓടിക്കയറി. വെളിച്ചക്കുറവു മൂലം മൂന്നാം ദിനം മത്സരം നേരത്തെ അവസാനിപ്പിച്ചു.