കൂട്ടുനിന്ന സുന്ദർ ആദ്യം പോയി, പിന്നാലെ ബുമ്ര; സിറാജ് ‘സഹായിച്ചതോടെ’ നിതീഷ് സെഞ്ചറിയിൽ, കണ്ണീരണിഞ്ഞ് പിതാവ്– വിഡിയോ
Mail This Article
മെൽബൺ∙ ഇരുപത്തൊന്നു വയസ്സിന്റെ ചെറുപ്പത്തിൽത്തന്നെ ജനകോടികളുടെ കാത്തിരിപ്പിന്റെ സമ്മർദ്ദം തെല്ലും ബാധിക്കാത്ത ബാറ്റുകൊണ്ട് കന്നി ടെസ്റ്റ് സെഞ്ചറി കുറിക്കുമ്പോൾ, നിതീഷ് റെഡ്ഡി മറികടന്നത് എല്ലാവരെയും ഒരുപോലെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ആശങ്കയുടെ നിമിഷങ്ങൾ. ആരാധകരുടെ കാത്തിരിപ്പ് സഫലമാക്കി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിതീഷ് റെഡ്ഡി സെഞ്ചറി പൂർത്തിയാക്കുമ്പോൾ, കാണികൾക്കിടയിൽ കണ്ണീരോടെ അദ്ദേഹത്തിന്റെ പിതാവ് മുത്തിയാല റെഡ്ഡിയും നിൽക്കുന്നുണ്ടായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുന്നതിന്റെ അതി സമ്മർദ്ദത്തിനിടെ, കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ ബൗണ്ടറിയിലൂടെ മകൻ സെഞ്ചറി പൂർത്തിയാക്കുമ്പോൾ സന്തോഷാശ്രൂക്കൾ പൊഴിക്കുകയല്ലാതെ ആ പിതാവ് എന്തു ചെയ്യാൻ!
‘‘ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇത് വളരെ പ്രിയപ്പെട്ട ഒരു ദിവസമാണ്. ഈ ദിനം ഞങ്ങൾ ഒരിക്കലും മറക്കില്ല. 14–15 വയസ് മുതൽ ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കുന്നയാളാണ് നിതീഷ്. ഇപ്പോൾ ആ പ്രകടനം രാജ്യാന്തര ക്രിക്കറ്റിൽ എത്തി നിൽക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത്. തുടർച്ചയായി വിക്കറ്റുകൾ പോയപ്പോൾ അൽപം ആശങ്കയിലായിപ്പോയി. ഒറ്റ വിക്കറ്റ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും സിറാജ് ഓസീസ് ബോളിങ്ങിനെ പ്രതിരോധിച്ചുനിന്നു. നന്ദി’ – നിതീഷിന്റെ പിതാവ് മുത്തിയാല റെഡ്ഡി പ്രതികരിച്ചു.
ഒരു ഘട്ടത്തിൽ ഫോളോ ഓൺ ഭീഷണി പോലും നേരിട്ട ഇന്ത്യയെ, എട്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടുമായി നിതീഷ് റെഡ്ഡി – വാഷിങ്ടൻ സുന്ദർ സഖ്യമാണ് കരകയറ്റിയത്. സെഞ്ചറി കൂട്ടുകെട്ടും തന്റെ നാലാം അർധസെഞ്ചറിയും പൂർത്തിയാക്കിയതിനു പിന്നാലെ വാഷിങ്ടൻ സുന്ദർ പുറത്താകുമ്പോൾ ആരാധകർ അത്ര വലിയ അപകടം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. റെഡ്ഡിയുടെ വ്യക്തിഗത സ്കോർ 97ൽ നിൽക്കുമ്പോഴാണ് മറുവശത്ത് സുന്ദറിനെ നേഥൻ ലയൺ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനെ കൈകളിലെത്തിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ഫോളോ ഓണിൽനിന്ന് രക്ഷപ്പെടുത്തിയ ജസ്പ്രീത് ബുമ്ര ഒൻപതാമനായി ക്രീസിലെത്തുമ്പോൾ, അദ്ദേഹത്തെ കൂട്ടുപിടിച്ച് നിതീഷ് അർഹിക്കുന്ന സെഞ്ചറിയിലേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ. ഇതിനിടെ ബോളണ്ട് എറിഞ്ഞ 113–ാം ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ നിതീഷ് പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും, പന്ത് വീണത് ഫീൽഡർമാർ ഇല്ലാത്ത മേഖലയിലായത് ഭാഗ്യം.
തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയെ പാറ്റ് കമിൻസ് പുറത്താക്കിയതോടെ ഇന്ത്യൻ ആരാധകർ അപകടം മണത്തു. പരമ്പരയിലുടനീളം ഇന്ത്യയ്‌ക്കായി പ്രതിരോധത്തിന്റെ കോട്ടകെട്ടിയ പ്രിയപ്പെട്ട യുവതാരം സെഞ്ചറിയിലെത്തുന്നതിനു മുൻപേ ഇന്നിങ്സ് അവസാനിക്കുമോയെന്നായിരുന്നു ഭയം. ഗാലറിയിൽ ആരാധകർക്കിടയിൽ ഇരുന്ന നിതീഷിന്റെ പിതാവിന്റെ മുഖത്ത് ആ നിമിഷത്തിന്റെ ആശങ്കയത്രയും തിങ്ങിക്കൂടിയിരുന്നു.
എന്നാൽ, ഓവറിലെ ശേഷിച്ച മൂന്നു പന്തുകളും മുഹമ്മദ് സിറാജ് വിജയകരമായി പ്രതിരോധിച്ചതോടെ ഇന്ത്യൻ താരങ്ങളും ആരാധകരും ഒരുപോലെ ആശ്വസിച്ചു. സ്കോട് ബോളണ്ട് എറിഞ്ഞ അടുത്ത ഓവറിലെ മൂന്നാം പന്തിൽ തകർപ്പൻ ബൗണ്ടറിയിലൂടെ റെഡ്ഡി അർഹിച്ച ആ സെഞ്ചറി ‘പിടിച്ചുവാങ്ങി’! ഇതോടെ ഇന്ത്യൻ ഡ്രസിങ് റൂമിലും ഗാലറിയിലും ഒരുപോലെ ആഹ്ലാദം അണപൊട്ടി. ആരാധകർക്കിടയിൽ നിതീഷിന്റെ പിതാവ് കണ്ണീരോടെ മുഖംപൊത്തി.