തേഡ് അംപയറിന്റെ തീരുമാനം പോരാ, റിവ്യൂ ആവശ്യപ്പെട്ട് കമിൻസ്; നിഷേധിച്ച് ഫീൽഡ് അംപയർമാർ, ആശയക്കുഴപ്പം– വിഡിയോ
Mail This Article
മെൽബൺ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം, മുഹമ്മദ് സിറാജിന്റെ വിക്കറ്റിനായി തേഡ് അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡിആർഎസ് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസ്. എന്നാൽ, തേഡ് അംപയർ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് ഡിആർഎസ് ആവശ്യപ്പെട്ട കമിൻസിന്റെ നീക്കം, ഫീൽഡ് അംപയർമാരായ മൈക്കൽ ഗഫും ജോയൽ വിൽസനും തള്ളിക്കളഞ്ഞു. മത്സരത്തിന്റെ നാലാം ദിനമായിരുന്ന ഇന്ന്, ആദ്യ സെഷനിൽ ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.
പാറ്റ് കമിൻസ് എറിഞ്ഞ പന്ത് മുഹമ്മദ് സിറാജിന്റെ ബാറ്റിൽത്തട്ടി സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിയെങ്കിലും, പന്ത് നിലത്തു തട്ടിയോ എന്ന സംശയത്തിൽ ഫീൽഡ് അംപയർമാർ അത് തേഡ് അംപയറിന്റെ തീരുമാനത്തിനു വിട്ടു. തേഡ് അംപയറായിരുന്ന ഷർഫുദ്ദൗല രണ്ടു തവണ റീപ്ലേ പരിശോധിച്ചതിനു പിന്നാലെ, പന്ത് ബാറ്റിൽത്തട്ടിയ ശേഷം നിലത്തു പിച്ച് ചെയ്ത ശേഷമാണ് സ്മിത്തിന്റെ കൈകളിലെത്തിയതെന്ന് ചൂണ്ടിക്കാട്ടി നോട്ടൗട്ട് വിധിച്ചു.
എന്നാൽ, പന്ത് നിലത്തു പിച്ച് ചെയ്ത ഉടനെ സിറാജിന്റെ ബാറ്റിൽത്തട്ടിയാണ് സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിയതെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഓസീസ് താരങ്ങൾ. ഇതോടെ തേഡ് അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ഡിആർഎസ് ആവശ്യപ്പെട്ടു.
പാറ്റ് കമിൻസിന്റെ ഈ അസാധാരണ നീക്കം ഫീൽഡ് അംപയർമാരായ മൈക്കൽ ഗഫിനെയും ജോയൽ വിൽസനെയും ആശയക്കുഴപ്പത്തിലാക്കി. എങ്കിലും തേഡ് അംപയറിന്റെ തീരുമാനം പുനഃപരിശോധിക്കാനുള്ള കമിൻസിന്റെ ആവശ്യം ഇരുവരും നിഷേധിച്ചു.
അതേസമയം, തേഡ് അംപയറിന്റെ തീരുമാനം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് കമന്റേറ്റർമാരായ ആദം ഗിൽക്രിസ്റ്റും രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടു. തേഡ് അംപയറിന്റെ തീരുമാനത്തിൽ റിവ്യൂ ആവശ്യപ്പെട്ട പാറ്റ് കമിൻസിന്റെ നീക്കത്തെക്കുറിച്ച് ഇരുവരും നിലപാടു വ്യക്തമാക്കി.
‘‘ഇത് വളരെ രസകരമായി തോന്നുന്നു. ഇത്തരമൊരു ദൃശ്യം മുൻപു കണ്ടിട്ടേയില്ല. ‘അംപയർമാർ എന്ന നിലയിൽ നിങ്ങൾ തീരുമാനം തേഡ് അംപയറിനു വിട്ടു, ഇനി എന്റെ ഭാഗത്തുനിന്നു കൂടി ഈ തീരുമാനം പുനഃപരിശോധിക്കണം’ എന്നാണ് കമിൻസിന്റെ ആവശ്യം. ഇവിടെ വളരെ ശ്രദ്ധാപൂർവം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു’ – ഗിൽക്രിസ്റ്റിന്റെ വാക്കുകൾ.
‘‘ബാറ്റിൽ തട്ടിയ പന്ത് തുടർന്ന് നിലത്ത് പിച്ചു ചെയ്യുന്നത് കണ്ടു എന്നാണ് തേഡ് അംപയർ പറയുന്നത്. പക്ഷേ ആ തീരുമാനം തിടുക്കപ്പെട്ട് എടുത്തതായി തോന്നുന്നു. രണ്ടേ രണ്ടു റീപ്ലേ മാത്രം പരിശോധിച്ചാണ് അദ്ദേഹം തീരുമാനം കൈക്കൊണ്ടത്’ – രവി ശാസ്ത്രി പറഞ്ഞു.
തേഡ് അംപയറിന്റെ തീരുമാനം ഓസീസ് താരങ്ങൾക്ക് അത്രകണ്ട് ബോധ്യപ്പെട്ടില്ലെങ്കിലും, ഇത് മത്സരത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. തൊട്ടുപിന്നാലെ നേഥൻ ലയൺ നിതീഷ് റെഡ്ഡിയെ 114 റൺസിനു പുറത്താക്കിയതോടെ, ഇന്ത്യൻ ഇന്നിങ്സ് 119.3 ഓവറിൽ 369 റൺസിൽ അവസാനിച്ചു.