പന്തിന്റെ ‘സ്റ്റുപ്പിഡ്’ ഷോട്ട്, ജയ്സ്വാളിന്റെ വിവാദ ഔട്ട്; ഒടുവിൽ ഇന്ത്യയെ ‘ശ്വാസം മുട്ടിച്ച്’ മെൽബണിൽ ഓസീസ് ജയം– വിഡിയോ
Mail This Article
മെൽബൺ ∙ വിവാദങ്ങളും നാടകീയ നിമിഷങ്ങളും ഒന്നുപോലെ കളംപിടിച്ച ആവേശപ്പോരാട്ടത്തിൽ, ഇന്ത്യയുടെ പോരാട്ടവീര്യത്തെ ആക്രമണോത്സുകമായ ബോളിങ്ങിലൂടെയും ശ്വാസം മുട്ടിക്കുന്ന ഫീൽഡിങ് ക്രമീകരണത്തിലൂടെയും മറികടന്ന് മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്‌ക്ക് തകർപ്പൻ ജയം. അവസാന ദിനത്തിലെ അവസാന സെഷൻ വരെ നീണ്ട കടുത്ത പോരാട്ടത്തിൽ, 184 റണ്‍സിനാണ് ഓസ്ട്രേലിയ ഇന്ത്യയെ വീഴ്ത്തിയത്. 340 റൺസിന്റെ സാമാന്യം വലിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 79.1 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. അവസാന സെഷനിൽ വെറും 34 റൺസിനിടെയാണ് ഇന്ത്യയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ. സ്കോർ: ഓസ്ട്രേലിയ – 474 & 234, ഇന്ത്യ – 369 & 155.
ഉറച്ച പ്രതിരോധവുമായി ഒരു വശത്ത് ക്രീസിൽ നിന്ന് അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 208 പന്തിൽ എട്ടു ഫോറുകൾ സഹിതം 84 റൺസെടുത്ത ജയ്സ്വാൾ, വിവാദപരമായ തീരുമാനത്തിലാണ് പുറത്തായത്. ഇതോടെ, അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഓസീസ് 2–1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 3 മുതൽ സിഡ്നിയിൽ നടക്കും. ഈ വിജയത്തോടെ, അടുത്ത വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള സാധ്യതകൾ ഓസീസ് സജീവമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ടെസ്റ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നിരുന്നു.
ജയ്‌സ്വാളിനു പുറമേ ഇന്ത്യൻ നിരയിൽ തിളങ്ങിയത് 104 പന്തിൽ 30 റൺസെടുത്ത ഋഷഭ് പന്ത് മാത്രം. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത അർധെസഞ്ചറി കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയം വൈകിപ്പിച്ചത്. 32.1 ഓവർ ക്രീസിൽ നിന്ന ഇരുവരും ചേർന്ന് 88 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (40 പന്തിൽ 9), കെ.എൽ. രാഹുൽ (അഞ്ച് പന്തിൽ 0), വിരാട് കോലി (29 പന്തിൽ അഞ്ച്), ഋഷഭ് പന്ത് (104 പന്തിൽ 30), രവീന്ദ്ര ജഡേജ (14 പന്തിൽ രണ്ട്), നിതീഷ് കുമാർ റെഡ്ഡി (അഞ്ച് പന്തിൽ ഒന്ന്), ആകാശ്ദീപ് സിങ് (17 പന്തിൽ ഏഴ്), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. വാഷിങ്ടൻ സുന്ദർ 45 പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് 18 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സ്കോട് ബോളണ്ട് 16 ഓവറിൽ 39 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥൻ ലയൺ 20.1 ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ ജയ്‌സ്വാളിന്റെ ‘വിവാദ’ ഔട്ട്
അതേസമയം, ഇന്ത്യൻ ഇന്നിങ്സിൽ നങ്കൂരമിട്ട് കളിച്ച് തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിവാദച്ചുവയുള്ള പുറത്താകൽ വരും ദിനങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കു മെന്ന് തീർച്ച. ഒരറ്റത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും മറുവശത്ത് ഉറച്ച പ്രതിരോധം തീർത്ത് ക്രീസിൽ നിന്ന ജയ്‌സ്വാൾ, പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണ് പുറത്തായത്. ജയ്സ്വാളിന്റെ വിക്കറ്റിനായി ഓസീസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ വിക്കറ്റ് അനുവദിച്ചിരുന്നില്ല. തുടർന്ന് ഓസീസ് നായകൻ പാറ്റ് കമിൻസ് റിവ്യൂ ആവശ്യപ്പെട്ടു.
വിശദമായ പരിശോധനയിൽ പന്ത് ഗ്ലൗസിൽ തട്ടുന്നതായി സംശയം ഉയർന്നെങ്കിലും, സ്നിക്കോമീറ്ററിൽ അതിന്റെ തെളിവു ലഭിച്ചില്ല. ഒറ്റക്കാഴ്ചയിൽ പന്തിന്റെ ഗതി ജയ്‌സ്വാളിന്റെ ബാറ്റിന്റെ തൊട്ടടുത്തുവച്ച് വ്യതിചലിക്കുകയും, സ്നിക്കോമീറ്ററിൽ യാതൊന്നും കാണിക്കാതിരിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പത്തിലായ തേഡ് അംപയർ, ഒടുവിൽ ഔട്ട് അനുവദിക്കുകയായിരുന്നു. അംപയറിന്റെ തീരുമാനത്തിൽ തന്റെ അതൃപ്തി പരസ്യമാക്കിയാണ് ജയ്‌സ്വാൾ പലവിയനിലേക്ക് മടങ്ങിയത്.
∙ വീണ്ടും ‘സ്റ്റുപ്പിഡ്’ ഷോട്ടുമായി പന്ത്!
നേരത്തെ, ക്ഷമാപൂർവും ബാറ്റേന്തി ഇന്ത്യയുടെ രക്ഷകനാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ, ഋഷഭ് പന്ത് അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് തിരിച്ചടിയായത്. അതീവ ശ്രദ്ധയോടെ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യയ്‌ക്കായി പ്രതിരോധം തീർക്കുന്നതിനിടെ, ശ്രദ്ധ തെറ്റിയ നിമിഷത്തിൽ പന്ത് വീണ്ടും ഗാവസ്കർ വിശേഷിപ്പിച്ച ആ ‘സ്റ്റുപ്പിഡ്’ ഷോട്ട് കളിച്ചു. ഫലം, ഇന്ത്യയുടെ സമനില മോഹങ്ങൾക്ക് ഭീഷണി തീർത്ത് മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പന്ത് പുറത്ത്. 104 പന്തിൽ രണ്ടേ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത പന്തിനെ, ട്രാവിസ് ഹെഡാണ് പുറത്താക്കിയത്. ഹെഡിന്റെ തികച്ചും നിരുപദ്രവകരമായ പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിലാണ്, പന്ത് മിച്ചൽ മാർഷിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായത്.
തൊട്ടുപിന്നാലെ 14 പന്തിൽ രണ്ടു റൺസുമായി സ്കോട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ച് രവീന്ദ്ര ജഡേജയും, നേഥൻ ലയണിന് വിക്കറ്റ് സമ്മാനിച്ച് അഞ്ച് പന്തിൽ ഒരു റണ്ണുമായി ഒന്നാം ഇന്നിങ്സിലെ സെഞ്ചറിവീരൻ നിതീഷ് റെഡ്ഡിയും പുറത്തായതോടെ ഇന്ത്യ തോൽവി മുന്നിൽക്കണ്ടു. ഒരുവശത്ത്, ബെയ്‍ൽസ് മാറ്റിവച്ച് മനസ്സിളക്കാനും വാചകമടിയിലൂടെ ശ്രദ്ധ തിരിക്കാനുമുള്ള മിച്ചൽ സ്റ്റാർക്കിന്റെ ശ്രമങ്ങളിൽ വീഴാതെ ജയ്സ്വാൾ ക്ഷമയോടെ ക്രീസിൽ നിൽക്കുമ്പോഴായിരുന്നു വിക്കറ്റ് വീഴ്ച.
നേരത്തേ, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ മെൽബണിൽ 340 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ യാതൊരു ദയയുമില്ലാതെ ‘സൂപ്പർ സീനിയേഴ്സ്’ കൈവിട്ടു. അവസാന ദിനം ലഞ്ചിനു പിരിയുന്നതിനു മുൻപേ പവലിയനിൽ തിരിച്ചെത്തിയത് ടീമിലെ മൂന്നു മുതിർന്ന താരങ്ങൾ. ഇത്തരമൊരു ഘട്ടത്തിൽ ടീമിനു തുണയാവേണ്ട ക്യാപ്റ്റൻ രോഹിത് ശർമ (40 പന്തിൽ 9), കെ.എൽ. രാഹുൽ (5 പന്തിൽ പൂജ്യം), വിരാട് കോലി (29 പന്തിൽ അഞ്ച്) എന്നിവരാണ് വെറും 33 റൺസിനിടെ കൂടാരം കയറിയത്. രോഹിത്തിനെയും രാഹുലിനെയും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസും, വിരാട് കോലിയെ ലഞ്ചിനു തൊട്ടുമുൻപ് മിച്ചൽ സ്റ്റാർക്കും പുറത്താക്കി.
മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ ക്ലൈമാക്സ് ഉറപ്പാക്കിയാണ് ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ 340 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ 83.4 ഓവറിൽ 234 റൺസിന് ഓൾഔട്ടായതോടെയാണ് ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ 340 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.
9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ, വെറും 10 പന്തുകളഅക്കിടെ ഇന്ത്യ ഇന്ന് ചുരുട്ടിക്കെട്ടി. ഇന്നലത്തെ സ്കോറിനോട് അഞ്ച് റൺസ് കൂടി ചേർത്താണ് ഓസീസ് പുറത്തായത്. സ്കോട് ബോളണ്ടിന്റെ ബൗണ്ടറിയായിരുന്നു അവസാന ദിനം ഓസീസ് ഇന്നിങ്സിലെ പ്രത്യേകത്. 55 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 41 റൺസെടുത്ത നേഥൻ ലയണിനെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് ഓസീസ് ഇന്നിങ്സിന് വിരാമമിട്ടത്. ബോളണ്ട് 74 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ ലയൺ – ബോളണ്ട് സഖ്യം കൂട്ടിച്ചേർത്തത് 78 റൺസ്!
ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി. 24.4 ഓവറിൽ 57 റൺസ് വഴങ്ങിയാണ് ബുമ്ര 5 വിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ് 23 ഓവറിൽ 70 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 14 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഓസീസ് താരം മിച്ചൽ സ്റ്റാർക്കിനെ ഋഷഭ് പന്ത് നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി
∙ ബുമ്ര മാജിക്
9ന് 358 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യയ്ക്കു 11 റൺസ് കൂടിയേ നേടാൻ സാധിച്ചുള്ളൂ. 114 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ പുറത്താക്കിയ നേഥൻ ലയൺ ഇന്ത്യൻ പോരാട്ടത്തിനു കർട്ടനിട്ടു. 105 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസീസിനു തുടക്കത്തിൽ തന്നെ ഓപ്പണർ സാം കോൺസ്റ്റസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ കോൺസ്റ്റസ് ക്ലീൻ ബോൾഡായി.
പിന്നാലെ ഉസ്മാൻ ഖവാജയെ (21) മുഹമ്മദ് സിറാജും പുറത്താക്കിയതോടെ 2ന് 43 എന്ന നിലയിലായി ആതിഥേയർ. മൂന്നാം വിക്കറ്റിൽ മാർനസ് ലബുഷെയ്ൻ (70), സ്റ്റീവ് സ്മിത്ത് (13) സഖ്യം തിരിച്ചടിക്കു ശ്രമിച്ചെങ്കിലും സിറാജിനു മുന്നിൽ സ്മിത്ത് വീണു. പിന്നാലെ ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0) എന്നിവരെ ഒരേ ഓവറിലും അലക്സ് ക്യാരിയെ (2) തൊട്ടടുത്ത ഓവറിലും പുറത്താക്കിയ ബുമ്ര ഓസീസിനെ ഞെട്ടിച്ചു. അതോടെ 6ന് 91 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണു.
∙ ഓസീസ് തിരിച്ചടി
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 150ൽ താഴെ അവസാനിപ്പിക്കാമെന്ന ഇന്ത്യൻ മോഹത്തിനു തിരിച്ചടിയായത് ഏഴാം വിക്കറ്റിൽ ഒന്നിച്ച ലബുഷെയ്ൻ– പാറ്റ് കമിൻസ് (41) സഖ്യമാണ്. ലബുഷെയ്നെ സിറാജ് പുറത്താക്കുകയും മിച്ചൽ സ്റ്റാർക് (5), കമിൻസ് എന്നിവർ ഔട്ടാവുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി. 9ന് 173 എന്ന നിലയിലായിരുന്നു അപ്പോൾ ഓസീസ്.
അതോടെ ഓസ്ട്രേലിയയുടെ ലീഡ് 300ൽ താഴെ പിടിച്ചുനിർത്താമെന്നു മോഹിച്ച ഇന്ത്യയെ ലയൺ– ബോളണ്ട് കൂട്ടുകെട്ട് വീണ്ടും പ്രതിരോധത്തിലാക്കി. പത്താം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും വേർപിരിഞ്ഞത്.