കേരളത്തിന് ‘വിജയമില്ലാത്ത’ വിജയ് ഹസാരെ ട്രോഫി തന്നെ; സീസണിലെ നാലാം മത്സരത്തിലും ജയമില്ല, ബംഗാളിനോട് 24 റൺസിനു തോറ്റു
Mail This Article
ഹൈദരാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ കേരളത്തിന്റെ തോൽവി പരമ്പര തുടരുന്നു. ഇത്തവണ കരുത്തരായ ബംഗാളാണ് കേരളത്തെ തകർത്തത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ബംഗാളിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റൺസ്. മറുപടി ബാറ്റിങ്ങിൽ 46.5 ഓവറിൽ കേരളം 182 റൺസിന് എല്ലാവരും പുറത്തായി. 103 പന്തിൽ മൂന്നു ഫോറുകൾ സഹിതം 49 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിന്റടോപ് സ്കോറർ.
സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ ബറോഡയോട് 62 റൺസിനു തോറ്റ കേരളം, മൂന്നാം മത്സരത്തിൽ ഡൽഹിയോട് 29 റൺസിനും തോറ്റു. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പോയിന്റ് പങ്കുവച്ചു.
കേരള നിരയിൽ സൽമാൻ നിസാറിനു പുറമേ ഷോൺ റോജർ, (50 പന്തിൽ 29), രോഹൻ കുന്നുമ്മൽ (28 പന്തിൽ 17), അഹമ്മദ് ഇമ്രാൻ (20 പന്തിൽ 13), മുഹമ്മദ് അസ്ഹറുദ്ദീൻ (36 പന്തിൽ 26), ആദിത്യ സർവതെ (16 പന്തിൽ 14), ഷറഫുദ്ദീൻ (14 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബംഗാളിനായി സയൻ ഘോഷ് 7.5 ഓവറിൽ 33 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കനിഷ്ക് മെയ്തി, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രദീപ്ത പ്രമാണിക്കിന് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ, കൂട്ടത്തകർച്ചയ്ക്കിടെ അർധസെഞ്ചറിയുമായി ഒരു വശത്തു പൊരുതിനിന്ന പ്രദീപ്ത പ്രമാണിക്കിന്റെ ഇന്നിങ്സാണ് ബംഗാളിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പ്രമാണിക് 82 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു. കൗശിക് മെയ്തി (50 പന്തിൽ 27), സുമന്ത ഗുപ്ത (42 പന്തിൽ 24), കനിഷ്ക് സേത് (60 പന്തിൽ 32), സുദീപ് ചാറ്റർജി (19 പന്തിൽ 13) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നതോടെയാണ് ബംഗാൾ 200 കടന്നത്.
ഒരു ഘട്ടത്തിൽ 101ന് ഏഴ് എന്ന നിലയിൽ തകർന്ന ബംഗാളിനെ, എട്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് കൗശിക് മെയ്തി – പ്രദീപ്ത പ്രമാണിക് സഖ്യമാണ് കരകയറ്റിയത്. 95 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 69 റൺസ്.
കേരളത്തിനായി എം.ഡി.നിധീഷ് 10 ഓവറിൽ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന 10 ഓവറിൽ 35 റൺസ് വഴങ്ങിയും ബേസിൽ തമ്പി 10 ഓവറിൽ 39 റൺസ് വഴങ്ങിയും ആദിത്യ സർവതെ 10 ഓവറിൽ 21 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.