117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം 181 റൺസ്; ലോക റെക്കോർഡിട്ട് മുംബൈയുടെ 17കാരൻ, ഷാർദുൽ 28 പന്തിൽ 73*, മുംബൈയ്ക്ക് 189 റൺസ് ജയം
Mail This Article
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ തകർത്തടിച്ച് സെഞ്ചറി നേടി മുംബൈയുടെ 17കാരൻ താരം. നാഗാലൻഡിനെതിരായ മത്സരത്തിൽ മുംബൈയുടെ ഓപ്പണറായ ആയുഷ് മാത്രെയാണ്, തകർപ്പൻ െസഞ്ചറിയുമായി തിളങ്ങിയത്. 117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം മാത്രെ നേടിയത് 181 റൺസ്. താരത്തിന്റെ സെഞ്ചറിക്കരുത്തിൽ മുംബൈ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാഗാലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തതോടെ, മുംബൈയുടെ വിജയം 189 റൺസിന്.
മുംബൈയ്‍ക്കായി ഓപ്പണർ ആംക്രിഷ് രഘുവംശി അർധസെഞ്ചറി നേടി. 66 പന്തുകൾ നേരിട്ട താരം മൂന്നു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ മാത്രെ – രഘുവംശി സഖ്യം 149 പന്തിൽ കൂട്ടിച്ചേർത്ത 156 റണ്‍സാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ആയുഷ് മാത്രെ സ്വന്തമാക്കി.
അവസാന ഓവറുകളിൽ തകർത്തടിച്ച് വെറും 28 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്ന ഷാർദുൽ താക്കൂറാണ് മുംബൈ സ്കോർ 400 കടത്തിയത്. രണ്ടു ഫോറും എട്ടു സിക്സും സഹിതമാണ് താക്കൂർ 73 റൺസെടുത്തത്. 39 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്ത സിദ്ധേഷ് ലാഡ്, 28 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 38 റൺസെടുത്ത പവാർ എന്നിവരും തിളങ്ങി.
നാഗലാൻഡിനായി ദീപ് ബോറ 10 ഓവറിൽ 87 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നഗാഹോ രണ്ടും ഇംലിവാത്തി, ജെ.സുചിത് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.