മെൽബണിൽ തോറ്റെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ പ്രതീക്ഷ കൈവിടാൻ വരട്ടെ; ഫൈനൽ സാധ്യത ഇപ്പോഴും ബാക്കി!
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 2–1ന് പിന്നിലായെങ്കിലും, ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കുകയും പിന്നാലെ നടക്കുന്ന ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷയുണ്ട്. എന്നാൽ അഞ്ചാം ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയോ തോൽക്കുകയോ ചെയ്താൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകും. അഞ്ചാം ടെസ്റ്റ് ജയിച്ചാൽ ഓസ്ട്രേലിയയ്ക്ക് ഫൈനൽ ഉറപ്പിക്കാം.
പാക്കിസ്ഥാനെതിരെ കഴിഞ്ഞ ദിവസം നേടിയ നാടകീയ വിജയത്തിലൂടെ ദക്ഷിണാഫ്രിക്ക ആദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നിരുന്നു. അടുത്ത വർഷം ജൂണിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുക. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ആരു നേരിടുമെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ്, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ‘പോരാട്ടം’!
മെൽബണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ ഫൈനൽ സാധ്യതകൾ സജീവമാക്കിയെന്നത് വാസ്തവം. അശ്രദ്ധയും അലസതയും അക്ഷമയും ഒന്നിച്ചുനിന്നതോടെയാണ്, മെൽബണിൽ ഇന്ത്യ ചെറുത്തുനിൽക്കാതെ കീഴടങ്ങിയത്. ഉറച്ച സമനില സാധ്യതയും ആഞ്ഞു ശ്രമിച്ചാൽ വിജയസാധ്യതയുമുണ്ടായിരുന്ന ബോർഡർ– ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ്, അലക്ഷ്യമായ ബാറ്റിങ്ങിലൂടെ ടീം ഇന്ത്യ ഓസ്ട്രേലിയയ്ക്കു മുന്നിൽ അടിയറവു വയ്ക്കുകയായിരുന്നു. നാലാം ടെസ്റ്റിൽ ഇന്ത്യയെ 184 റൺസിനു തോൽപിച്ച ഓസ്ട്രേലിയ, 5 മത്സര പരമ്പരയിൽ 2–1ന് മുന്നിലെത്തുകയും ചെയ്തു.
രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 340 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിങ് 155 റൺസിൽ അവസാനിച്ചു. യശസ്വി ജയ്സ്വാളിന്റെ (84 റൺസ്) ഒറ്റയാൾ പോരാട്ടമൊഴിച്ചാൽ നല്ലതു പറയാൻ ഒന്നുമില്ലാത്ത ഇന്നിങ്സ്. രണ്ട് ഇന്നിങ്സിലുമായി 90 റൺസും 6 വിക്കറ്റും നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജനുവരി 3 മുതൽ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
∙ ദയനീയം ഇന്ത്യ
9ന് 228 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 6 റൺസ് കൂടി മാത്രമാണ് ഇന്നലെ നേടാൻ സാധിച്ചത്. നേഥൻ ലയണിനെ (41) ക്ലീൻ ബോൾഡാക്കി ജസ്പ്രീത് ബുമ്രയാണ് ഓസീസ് ബാറ്റിങ്ങിനു കർട്ടനിട്ടത്. ഇന്നിങ്സിൽ ബുമ്രയുടെ 5–ാം വിക്കറ്റായിരുന്നു ഇത്. പിന്നാലെ, അഞ്ചാം ദിനം ബാക്കിയുണ്ടായിരുന്ന 92 ഓവറിൽ 340 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.
തുടക്കത്തിൽത്തന്നെ, ഒരേ ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (9) കെ.എൽ.രാഹുലും (0) മടങ്ങി. വിരാട് കോലി (5) ടീമിന്റെ രക്ഷകനാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഔട്ട്സൈഡ് ഓഫ്സ്റ്റംപ് കെണിയിൽ ഒരിക്കൽക്കൂടി ദയനീയമായി കുരുങ്ങി. അതോടെ 3ന് 33 എന്ന നിലയിലായി ഇന്ത്യ. നാലാം വിക്കറ്റിൽ ഒന്നിച്ച യശസ്വി ജയ്സ്വാൾ– ഋഷഭ് പന്ത് (30) സഖ്യമാണ് ഇന്ത്യയ്ക്ക് അൽപം പ്രതീക്ഷ നൽകിയത്.
നാലാം വിക്കറ്റിൽ 88 റൺസ് നേടിയെങ്കിലും ട്രാവിസ് ഹെഡിന്റെ പന്തിൽ അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച് പന്ത് വിക്കറ്റ് കളഞ്ഞതോടെ അതും അവസാനിച്ചു. രവീന്ദ്ര ജഡേജയും (2) നിതീഷ് കുമാർ റെഡ്ഡിയും (ഒന്ന്) കൂടി പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.