കാത്തുകാത്തിരുന്ന് ഒരു ലോകകപ്പ് വിജയം, ചെസിൽ ഗുകേഷിന്റെ ലോകവാഴ്ച, സുവർണമാകാതെ പാരിസ്..; 2024 ബാക്കിവയ്ക്കുന്നത്!
Mail This Article
ഒരു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ട്വന്റി20 ലോകകപ്പ് കിരീടത്തിലൂടെ ഒരു ലോകകപ്പ് വിജയത്തിന്റെ പൂക്കാലം. ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതുയുഗപ്പിറവി കുറിച്ച് ചെന്നൈയിൽ നിന്നുള്ള പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷിന്റെ കിരീടധാരണം... കായിക രംഗത്ത് ഇന്ത്യയുടെ സുവർണ വർഷമായി അടയാളപ്പെടുത്തിക്കൊണ്ടാണ് 2024 കടന്നുപോകുന്നത്.
ഇതിനൊപ്പം, ഇടവേളയ്ക്കു ശേഷം ഒളിംപിക്സ് വേദിയിൽനിന്ന് സ്വർണമില്ലാതെ മടങ്ങേണ്ടി വന്നതിന്റെ നിരാശ കൂടി സമ്മാനിച്ച വർഷമാണിത്. വിനേഷ് ഫോഗട്ടിനെ ഭാരപരിശോധനയിലൂടെ അയോഗ്യയാക്കിയതിനെ തുടർന്ന്, അർഹിച്ച മെഡൽ നഷ്ടമായതിന്റെ നിരാശയും ഇതിനൊപ്പമുണ്ട്. ഇതിനു പുറമേ ഫുട്ബോൾ പ്രേമികൾക്ക് ആവേശമേകി കോപ്പ അമേരിക്കയും യൂറോ കപ്പും ഒന്നിച്ചെത്തി. ലോക കായിക കലണ്ടറിൽനിന്ന് 2024 പതുക്കെ മാഞ്ഞുപോകുമ്പോൾ, കായിക ലോകത്തെ പ്രചോദിപ്പിച്ച സംഭവങ്ങൾ എന്തൊക്കെയാണ്?
∙ കാത്തുകാത്ത് ഒരു ലോകകപ്പ് വിജയം
ട്വന്റി20 ലോകകപ്പിലെ രണ്ടാം കിരീടമെന്ന ടീം ഇന്ത്യയുടെ സ്വപ്നം പൂവണിഞ്ഞ വർഷമാണിത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും സൂപ്പർ താരം വിരാട് കോലിക്കുമൊപ്പം നമ്മുടെ സഞ്ജു സാംസണും ലോകകപ്പ് ഉയർത്തി. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴു റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു. ക്യാപ്റ്റനായി ഒരു ലോകകപ്പ് കിരീടമില്ലെന്ന സങ്കടം ഇനി രോഹിത് ശർമയ്ക്കു വേണ്ട. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ടുപോയ ഏകദിന ലോകകപ്പിനു പകരം തിളക്കമാർന്നൊരു ട്വന്റി20 ട്രോഫി ഇപ്പോൾ ടീം ഇന്ത്യയുടെ ട്രോഫി കാബിനറ്റിലുണ്ട്. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി കപ്പടിച്ചപ്പോൾ രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യം ആഘോഷിച്ചു, പിന്നെ അവരുടെ കണ്ണു നിറഞ്ഞു. ഒടുവിൽ ഇനി കുട്ടിക്രിക്കറ്റിലേക്ക് ഇല്ലെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സ്വപ്ന നേട്ടത്തിലേക്കു തോൽവി അറിയാതെയാണ് ഇന്ത്യ നടന്നുകയറിയത്. കാനഡയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം മഴ കാരണം മുടങ്ങിയതിനാൽ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. മറ്റെല്ലാ കളികളിലും വിജയവുമായാണ് ടീം ഇന്ത്യ ഗ്രൗണ്ട് വിട്ടത്.വിരാട് കോലി (59 പന്തിൽ 76 റൺസ്), അക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ജസ്പ്രീത് ബുമ്രയുടെ (2–18) നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകടനവുമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഹെയ്ൻറിച്ച് ക്ലാസന്റെ (27 പന്തിൽ 52) വെടിക്കെട്ട് ഇന്നിങ്സിലൂടെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചു വാങ്ങി. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. വിരാട് കോലി ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് ആയപ്പോള്‍, ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസായി.
∙ സബാഷ് ഗുകേഷ്
ചെസ് ബോർഡിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യനാകുന്നതിന് 2024 സാക്ഷിയായി. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടം 14–ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. മൂന്നാം ഗെയിമും 11–ാം ഗെയിമും ഗുകേഷും ഒന്നാം ഗെയിമും 12–ാം ഗെയിമും ഡിങ് ലിറനും ജയിച്ചപ്പോൾ, മറ്റു ഗെയിമുകൾ സമനിലയിൽ അവസാനിച്ചു.
ജയിക്കുന്നവർക്ക് കിരീടം എന്നതായിരുന്നു 14–ാം ഗെയിമിന്റെ ആകർഷണം. വെള്ളക്കരുക്കളുടെ ആനുകൂല്യവുമായിട്ടായിരുന്നു നിലവിലെ ചാംപ്യൻ ഡിങ് ലിറന്റെ കളി. എന്നാൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം സമനിലയിലേക്കാണെന്ന തോന്നലുയർന്നു. ഇതോടെ ഇത്തവണ ലോക ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവു മുതലെടുത്ത് ഗുകേഷ് വിജയം പിടിച്ചെടുത്തത്.
∙ പാരിസിലെ സ്വപ്നം
പോരാട്ടങ്ങളും ആഘോഷങ്ങളും സ്വപ്നതുല്യമാക്കിയ ഒളിംപിക്സാണ് ഇത്തവണ പാരിസിൽ അരങ്ങേറിയത്. ഒളിംപിക്സ് മെഡൽ വേട്ടയിൽ അവസാന ദിവസത്തിലെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ചൈനയെ പിന്തള്ളി യുഎസ് ഒന്നാം സ്ഥാനത്തെത്തി. അവസാനം നടന്ന വനിതാ ബാസ്കറ്റ് ബോളിൽ ഫ്രാൻസിനെ ഒരു പോയിന്റു വ്യത്യാസത്തിൽ മറികടന്ന് യുഎസ് സ്വർണം നേടി. ഇതോടെ യുഎസിനും ചൈനയ്ക്കും 40 സ്വർണം വീതമായി. 44 വെള്ളിയും 42 വെങ്കലവും കൂടിച്ചേര്‍ത്ത് യുഎസിന് ലഭിച്ചത് 126 മെഡലുകൾ. 27 വെള്ളിയും 24 വെങ്കലവുമുള്ള ചൈനയ്ക്ക് 91. ഇതോടെ ഒളിംപിക്സിലെ ഒന്നാം സ്ഥാനം യുഎസ് നിലനിർത്തി.
2024 ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടം ആറു മെഡലുകൾ. ഒരു വെള്ളി, അഞ്ചു വെങ്കലം. ടോക്കിയോ ഒളിംപിക്സിലെ ഏഴു മെഡലുകളെന്ന നേട്ടം മറികടക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിൻ ത്രോ എന്നിങ്ങിനെ നാലിനങ്ങളിൽ നിന്നാണ് 6 മെഡലുകൾ വന്നത്. ഷൂട്ടിങ്ങിലായിരുന്നു മൂന്നു മെഡലുകൾ. മെഡൽപ്പട്ടികയിൽ ലഭിച്ചത് 71-ാം സ്ഥാനം. ടോക്കിയോയിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളിയിൽ ഒതുങ്ങി. കഴിഞ്ഞ തവണ വെയ്റ്റ്‍ലിഫ്റ്റിങ്ങിൽ വെള്ളി നേടിയ മിരാഭായ് ചാനു പാരിസിൽ നാലാം സ്ഥാനത്തായി.
ഷൂട്ടിങ്ങിൽ മനു ഭാകറിന്റെ ഇരട്ട മെഡലായിരുന്നു പ്രധാന ആകർഷണം. വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീമിനത്തിൽ സരബ്ജ്യോത് സിങ്ങിനൊപ്പവും മനു ഭാകർ വെങ്കലം നേടി. 50 മീറ്റർ റൈഫിൾ 3 പൊസിഷന്നിൽ സ്വപ്നിൽ കുസാലെയും വെങ്കലം സ്വന്തമാക്കി. ഇന്ത്യൻ ടീം പുരുഷ ഹോക്കിയിലും അമൻ സെഹ്‍റാവത്ത് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലും വെങ്കലം സ്വന്തമാക്കി.
വനിതാ ഗുസ്തിയിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയിൽ ഉൾപ്പെടെ നീതി തേടി പോയെങ്കിലും ഒന്നും സംഭവിച്ചില്ല. വിനേഷിന്റെ അപ്പീൽ കോടതി തള്ളി. പാരിസിൽനിന്ന് തിരിച്ചെത്തിയ വിനേഷിന് ഗംഭീര സ്വീകരണമാണ് ജന്മനാട് നൽകിയത്.
∙ യൂറോയിൽ സ്പാനിഷ് മുത്തം, കോപ്പയിൽ നീലക്കൊടുങ്കാറ്റ്
യൂറോകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇത്തവണ കിരീടം ചൂടിയത് സ്പെയിൻ. ഫൈനലിൽ ഇംഗ്ലണ്ടിനെ 2–1ന് തകർത്തായിരുന്നു നാലാം കിരീടനേട്ടം. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഫൈനലിൽ ഗോൾ നേടിയത്. പകരക്കാരൻ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലിൽ തോൽക്കുന്നത്. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോകപ്പ് വിജയിച്ചത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തി. 112–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾരഹിതമായതോടെ എക്സ്ട്രാ ടൈമിലായിരുന്നു അർജന്റീനയുടെ കിരീടവിജയം. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ 16–ാം കിരീടമാണിത്.
∙ സിന്നർ ദ് വിന്നർ, കരുത്തൻ അൽകാരസ്
ഗ്രാൻഡ്സ്‍ലാം പോരാട്ടങ്ങളിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിന്റെയും സ്പാനിഷ് താരം കാർലോസ് അൽകാരസിന്റേയും വർഷമായിരുന്നു 2024. സിന്നർ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും വിജയിച്ചപ്പോൾ, അൽകാരസ് ഫ്രഞ്ച് ഓപ്പണിലും വിമ്പിൻഡനിലും കിരീടം ചൂടി. സൂപ്പർതാരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് കാർലോസ് അൽകാരസ് തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡൻ കിരീടം ചൂടിയത്. ഇരുപത്തൊന്നുകാരനായ താരത്തിന്റെ കരിയറിലെ നാലാം ഗ്രാൻസ്‌ലാം കിരീടമായിരുന്നു ഇത്. ഫൈനലിലെത്തിയ നാല് ഗ്രാൻസ്‍ലാം ടൂർണമെന്റുകളിലും കിരീടം ചൂടിയെന്ന പ്രത്യേകതയുമുണ്ട്.
റാഫേൽ നദാലിന്റെ ആദ്യറൗണ്ട് പുറത്താകലും നൊവാക് ജോക്കോവിച്ചിന്റെ പാതിവഴിയിലെ പിൻമാറ്റവും വഴി ശ്രദ്ധേയമായ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ പുതിയ ചാംപ്യനെന്ന പകിട്ടുമായി അല്‍ക്കാരസ് കുതിച്ചു. 4 മണിക്കൂറിലേറെ നീണ്ട മാരത്തൺ ഫൈനൽ പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചാണ് അൽകാരസ് പുരുഷ സിംഗിൾസ് ജേതാവായത്. (6–3, 2–6, 5–7, 6–1, 6–2). ടെന്നിസിലെ 3 സർഫസുകളിലും (ഗ്രാസ്, ഹാർഡ്, കളിമൺ) ഗ്രാൻസ്‌ലാം നേടുന്ന പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡും ഇരുപത്തൊന്നുകാരൻ അൽകാരസ് ഇതോടെ സ്വന്തമാക്കി. ഇതുവരെ കളിച്ച ഗ്രാൻസ്‌ലാം ഫൈനലുകളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോർഡും അൽകാരസ് നിലനിർത്തി.
ഓസ്ട്രേലിയൻ ഓപ്പണിൽ കരിയറിലെ ആദ്യ ഗ്രാൻഡ്‍സ്‍ലാം ജയിച്ചാണ് യാനിക് സിന്നർ ഈ വർഷം ഗംഭീരമാക്കിയത്. ഫൈനലിൽ ആദ്യ രണ്ടു സെറ്റുകളിൽ പിന്നിലായ സിന്നർ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ഫൈനലിലെ ഗംഭീര തിരിച്ചുവരവിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെയാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ വീഴ്ത്തിയത്. സ്കോർ: 3–6,3–6,6–4,6–4,6–3. സെമിയിൽ നിലവിലെ ചാംപ്യൻ ജോക്കോവിച്ചിനെ വീഴ്ത്തിയാണ് സിന്നർ മുന്നേറിയത്. 9 വർഷത്തിനു ശേഷമാണ് ഫെഡറർ–നദാൽ–ജോക്കോവിച്ച് ത്രയമല്ലാതെ മറ്റൊരാൾ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2014ൽ സ്വിറ്റ്സർലൻഡ് താരം സ്റ്റാൻ വാവ്‌റിങ്ക കിരീടം നേടിയിരുന്നു.
യുഎസ് ഓപ്പൺ ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. ലോക 12–ാം നമ്പർ താരമായ ഫ്രിറ്റ്സ് 2009ന് ശേഷം ഗ്രാൻസ്‌ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്. സെമിയിൽ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 7–5,7–6 (7–3), 6–2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരവുമായി.