ഇത് എന്തൊരു ആഘോഷം? പന്തിനെ പുറത്താക്കിയതിനു പിന്നാലെ വിവാദ ആക്ഷനുമായി ഹെഡ്, അർഥം തിരഞ്ഞ് ആരാധകർ– വിഡിയോ
Mail This Article
മെൽബൺ∙ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ, വ്യത്യസ്ത രീതിയിലുള്ള ആഘോഷവുമായി ട്രാവിസ് ഹെഡ്. മെൽബണിൽ രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ ശോഭിക്കാതെ പോയ ട്രാവിസ് ഹെഡ്, മത്സരത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് പന്തിന്റെ വിക്കറ്റെടുത്ത ഓസ്ട്രേലിയയ്‌ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം വരുത്തിവച്ച വിക്കറ്റ് ആഘോഷം.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, നാലാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് കരകയറ്റുന്നതിനിടെയാണ് പന്തിനെ ട്രാവിസ് ഹെഡ് പുറത്താക്കിയത്. 104 പന്തിൽ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത പന്തിനെ, ബൗണ്ടറിക്കു സമീപം മിച്ചൽ മാർഷാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇതിനകം തന്നെ വിവാദമായി മാറിയ ആക്ഷനുമായി ഹെഡ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ട്രാവിസ് ഹെഡിന്റെ വിവാദ ആക്ഷനെതിരെ കടുത്ത വിമർശനമാണ് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്. ഈ ആഘോഷത്തിന്റെ പേരിൽ ഹെഡിനെ ഒരു മത്സരത്തിൽനിന്ന് വിലക്കണമെന്ന ആവശ്യവും അവർ ഉയർത്തുന്നു. ഹെഡിനെ വിലക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തയാറാകുന്നില്ലെങ്കിൽ ഇന്ത്യ സിഡ്നി ടെസ്റ്റ് ബഹിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.