എവിടെ നിർത്തിയാലും ജയ്‌സ്വാളിന്റെ കൈകൾക്ക് പതിവില്ലാത്ത ‘ചോർച്ച’, കൈവിട്ടത് 3 ക്യാച്ചുകൾ; രോഹിത്തിന് ‘കലിപ്പ്’– വിഡിയോ
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം, നിർണായകമായ മൂന്നു ക്യാച്ചുകൾ കൈവിട്ട് യുവതാരം യശസ്വി ജയ്‌സ്വാൾ. ഇന്ത്യൻ ഫീൽഡിങ് നിരയിലെ വിശ്വസ്ത കരങ്ങൾ പതിവില്ലാതെ ചോർന്നത്, മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ഗള്ളിയിലും സില്ലി പോയിന്റിലുമായി ജയ്‌സ്വാൾ കൈവിട്ടത് ഓസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ് സ്കോററായ മാർനസ് ലബുഷെയ്ൻ, രണ്ടാമത്തെ ടോപ് സ്കോററായ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ്, ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ എന്നിവരെ. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ, യുവതാരത്തോട് കുപിതനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്റെയും തകർപ്പൻ ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഓസീസ് ബാറ്റിങ് നിര തകരുമ്പോൾ, വൻ തകർച്ച ഒഴിവാക്കിയത് ഒരറ്റത്ത് പിടിച്ചുനിന്ന മാർനസ് ലബുഷെയ്നായിരുന്നു. താരം 93 പന്തിൽ 46 റൺസെടുത്തു നിൽക്കെ ആകാശ്ദീപിന്റെ പന്തിൽ നൽകിയ ക്യാച്ചാണ് ഗള്ളിയിൽ ജയ്‌സ്വാൾ ആദ്യം കൈവിട്ടത്. ഓസീസ് ഇന്നിങ്സിലെ 40–ാം ഓവറിൽ ലബുഷെയ്ൻ നൽകിയ അനായാസ ക്യാച്ച് ജയ്‌സ്വാൾ കൈവിട്ടതോടെ രോഹിത് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതിനു മുൻപ്, ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ മൂന്നാം ഓവറിൽ, ജസ്പ്രീത് ബുമ്രയുടെ പന്തിൽ ഉസ്മാൻ ഖവാജ നൽകിയ ക്യാച്ചും ജയ്‌സ്വാൾ കൈവിട്ടിരുന്നു. ലെഗ് ഗള്ളിയിലാണ് ഖവാജ നൽകിയ ക്യാച്ച് ജയ്‌സ്വാൾ കൈവിട്ടത്. രണ്ടാം ഇന്നിങ്സിൽ 21 റൺസെടുത്താണ് ഖവാജ പിന്നീട് പുറത്തായത്.
ഓസീസ് ഇന്നിങ്സിലെ 49–ാം ഓവറിലാണ് ജയ്‌സ്വാൾ വീണ്ടും ക്യാച്ച് കൈവിട്ട് വില്ലനായത്. ഇത്തവണ ജയ്‌സ്വാളിന്റെ ‘സഹായം’ ലഭിച്ചത് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്. രവീന്ദ്ര ജഡേജയുടെ പന്തിൽ കമിൻസ് നൽകിയ അനായാസ ക്യാച്ച് സില്ലി പോയിന്റിലാണ് ഇത്തവണ ജയ്‌സ്വാൾ കൈവിട്ടത്. ഇത്തവണയും രോഷാകുലനായിട്ടായിരുന്നു രോഹിത്തിന്റെ പ്രതികരണം.
അതേസമയം, ക്യാച്ച് കൈവിട്ടതിന്റെ പേരിൽ ക്യാപ്റ്റൻ രോഹിത് ശർമ നടത്തിയ പ്രതികരണം ശരിയായില്ലെന്ന് കമന്ററി ബോക്സിൽ മുൻ ഓസീസ് താരം മൈക്ക് ഹസി അഭിപ്രായപ്പെട്ടു. ശാന്തതയോടെ യുവതാരത്തിന് പിന്തുണ നൽകുകയായിരുന്നു രോഹിത് ചെയ്യേണ്ടിയിരുന്നതെന്ന് ഹസി ചൂണ്ടിക്കാട്ടി.