ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മാർനസ് ലബുഷെയ്നെതിരെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് പരീക്ഷിച്ച് വിജയിച്ച ‘തന്ത്രം’ മെൽബണിലെ നാലാം ടെസ്റ്റിൽ തിരിച്ചുപയോഗിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. ബാറ്ററിന്റെ ക്രീസിലെ ബെയ്‍ൽസ് പരസ്പരം മാറ്റിവച്ച് ഭാഗ്യം പരീക്ഷിക്കുന്ന രീതിയാണ്, മെൽബൺ ടെസ്റ്റിന്റെ അവസാന ദിനം മിച്ചൽ സ്റ്റാർക്ക് പ്രയോഗിച്ചത്. ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഇത്. സ്റ്റാർക്ക് അടുത്ത ബോൾ ചെയ്യാനായി പോയതിനു പിന്നാലെ, ബെയ്‍ൽസ് പഴയപടി തിരികെ വച്ച് ജയ്‌സ്വാൾ ‘ഭാഗ്യം വിടാതെ കാത്തു’!

ഓസ്ട്രേലിയ ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ, മൂന്നു വിക്കറ്റ് നഷ്ടമായി തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് നാലാം വിക്കറ്റിൽ ഋഷഭ് പന്ത് – യശസ്വി ജയ്‌സ്വാൾ സഖ്യം ക്രീസിൽ ഒരുമിച്ചത്. ലഞ്ചിനു ശേഷം ഇരുവരും ക്രീസിൽ ഉറച്ചുവരുന്നതിനിടെയാണ്, ബെയ്‌ൽസ് മാറ്റിവച്ചുള്ള ‘മെന്റൽ ഗെയി’മിന് സ്റ്റാർക്ക് ശ്രമിച്ചത്.

സ്റ്റാർക്ക് എറിഞ്ഞ 33–ാം ഓവറിനിടെ, രണ്ടാം പന്ത് എറിഞ്ഞതിനു പിന്നാലെയാണ് താരം ബാറ്ററുടെ ക്രീസിലെത്തി ബെയ്‍ൽസ് പരസ്പരം മാറ്റിവച്ചത്. സ്റ്റാർക്ക് അടുത്ത പന്തെറിയാനായി പോയതിനു തൊട്ടുപിന്നാലെ, ജയ്‌സ്വാൾ ബെയ്‍ൽസ് പഴയ പടി തിരികെ വയ്ക്കുകയും ചെയ്തു. രണ്ടു ബോൾ കൂടി ചെയ്ത ശേഷം സ്റ്റാർക്ക് വാക്കുകൊണ്ടും ജയ്‌സ്വാളിന്റെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചു.

തുടർ ബൗണ്ടറികളുമായി ജയ്‌സ്വാൾ കളംപിടിക്കുന്നുവെന്നു തോന്നിയപ്പോഴായിരുന്നു താരത്തിന്റെ ശ്രദ്ധ തെറ്റിക്കാൻ സ്റ്റാർക്ക് ശ്രമിച്ചത്. സ്റ്റാർക്കിന്റെ പ്രകോപനത്തിൽ ജയ‌സ്വാൾ വീണതോടെ, നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ഋഷഭ് പന്ത് വിഷയത്തിൽ ഇടപെട്ടു. ജയ്സ്വാളിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞ പന്ത്, താരത്തോട് ശാന്തനാകാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഒന്നാം ഇന്നിങ്സിലും സ്റ്റാർക്ക് ബെയ്‌ൽസ് മാറ്റിവച്ച് ഭാഗ്യം പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ രവീന്ദ്ര ജഡേജ നേഥൻ ലയണിന്റെ പന്തിൽ പുറത്താവുകയും ചെയ്തു.

∙ ബ്രിസ്ബെയ്നിൽ സംഭവിച്ചത്...

നേരത്തെ, ബ്രിസ്ബെയ്‍ൻ‌ ടെസ്റ്റിനിടെ മാർനസ് ലബുഷെയ്ന്റെ ശ്രദ്ധ തെറ്റിക്കുന്നതിനാണ് മുഹമ്മദ് സിറാജ് ബെയ്‍ൽസ് മാറ്റിവച്ച് പരീക്ഷണം നടത്തിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 33–ാം ഓവറിലാണ് സംഭവം. മുഹമ്മദ് സിറാജാണ് ഈ ഓവർ ബോൾ ചെയ്തിരുന്നത്. ക്രീസിൽ മാർനസ് ലബുഷെയ്ൻ. ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായ ശേഷം സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസ് ഇന്നിങ്സ് കരയ്‌ക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ലബുഷെയ്ൻ.

ഇതിനിടെ ക്രീസിലേക്ക് നടന്നെത്തിയ മുഹമ്മദ് സിറാജ്, ബെയ്‌ൽസ് രണ്ടും എടുത്ത് പരസ്പരം മാറ്റിവച്ചു. ലബുഷെയ്ൻ അടുത്ത പന്തു നേരിടാൻ തയാറെടുത്ത് ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഇത്. ഇന്ത്യൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ട് ക്രീസിൽ ഉറച്ചുനിന്ന ലബുഷെയ്ന്റെ ശ്രദ്ധ തെറ്റിക്കുകയായിരുന്നു സിറാജിന്റെ ലക്ഷ്യം. സിറാജിന്റെ ‘പരിപാടി’ എന്തായാലും ലബുഷെയ്ന് അത്ര രസിച്ചില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി. സിറാജ് അടുത്ത ബോൾ ചെയ്യാനായി പോയതിനു തൊട്ടുപിന്നാലെ ബെയ്ൽസ് രണ്ടുമെടുത്ത ലബുഷെയ്ൻ, അത് ആദ്യം ഇരുന്നപടി തന്നെ തിരികെവച്ചു.

അതേസമയം, സിറാജ് ബെയ്‌ൽസ് മാറ്റിവച്ച് ശ്രദ്ധ തെറ്റിച്ച സംഭവത്തിനു പിന്നാലെ തൊട്ടടുത്ത ഓവറിൽ ലബുഷെയ്ൻ പുറത്തായി! 55 പന്തുകൾ നേരിട്ട് 12 റൺസെടുത്ത ലബുഷെയ്നെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. സ്ലിപ്പിൽ വിരാട് കോലി ക്യാച്ചെടുത്തു.

English Summary:

Mitchell Starc Replicates Siraj's Tactic, Jaiswal Remains Unfazed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com