സ്നിക്കോ മീറ്റർ ‘തോറ്റു’, ഒടുവിൽ ‘കണ്ട’ തെളിവുവച്ച് ജയ്‌സ്വാളിനെ പുറത്താക്കി തേഡ് അംപയർ; ഇതെങ്ങനെ ഔട്ടാകും – വിഡിയോ
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ ഔട്ടുമായി ബന്ധപ്പെട്ട് വിവാദം. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി ജയ്‌സ്വാൾ പുറത്തായെന്നാണ് ഔദ്യോഗിക വിധിയെങ്കിലും, പന്ത് ജയ്സ്വാളിന്റെ ബാറ്റിലോ ഗ്ലൗസിലോ തട്ടിയിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കി. സ്നിക്കോ മീറ്ററിൽ പന്ത് ബാറ്റിലോ ഗ്ലൗസിലോ സ്പർശിച്ചതായി തെളിഞ്ഞില്ലെന്നിരിക്കെ, ജയ്‌സ്വാൾ പുറത്തായതായി തേഡ് അംപയർ വിധിച്ചതാണ് വിവാദമായത്. ബംഗ്ലദേശ് സ്വദേശിയായ തേഡ് അംപയർ ഷറഫൂദുല്ല സായ്കാത്തിന്റെ തീരുമാനം വലിയ വഞ്ചനയാണെന്ന് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടി.
ഓസീസ് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്ന ഓപ്പണർ യശസ്വി ജയ്‌സ്വാൾ. പ്രത്യേകിച്ചും വെറും 33 റൺസിനിടെ ക്യാപ്റ്റൻ രോഹിത് ശർമ (9), സൂപ്പർതാരം വിരാട് കോലി (5), പരമ്പരയിൽ മികച്ച ഫോമിലുള്ള കെ.എൽ. രാഹുൽ (0) എന്നിവർ പുറത്തായ സാഹചര്യത്തിൽ. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന ജയ്‌സ്വാൾ ഇന്ത്യയ്ക്ക് സമനിലയെങ്കിലും സമ്മാനിക്കുമെന്ന പ്രതീക്ഷകൾ തച്ചുടച്ചാണ്, 71–ാം ഓവറിൽ താരം പുറത്തായതായി തേഡ് അംപയർ വിധിച്ചത്.
കമിൻസ് എറിഞ്ഞ 71–ാം ഓവറിലെ അഞ്ചാം പന്ത് പുൾ ചെയ്ത് ബൗണ്ടറിയിലെത്തിക്കാനുള്ള ജയ്‌സ്വാളിന്റെ ശ്രമമാണ് വിക്കറ്റിൽ കലാശിച്ചത്. കുത്തിയുയർന്ന് വന്ന പന്തിൽ ജയ്‌സ്വാളിനു ബാറ്റു തൊടാനായില്ലെങ്കിലും, ടച്ച് ഉണ്ടെന്ന് ഉറപ്പിച്ച് ഓസീസ് താരങ്ങൾ കൂട്ടത്തോടെ വിക്കറ്റിനായി അപ്പീൽ ചെയ്തു. ഫീൽഡ് അംപയറായ ജോയൽ വിൽസൻ വിക്കറ്റ് നിഷേധിച്ചതോടെ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഡിആർഎസ് ആവശ്യപ്പെട്ടു.
ഡിആർഎസിന്റെ ഭാഗമായി റീപ്ലേ പരിശോധിച്ചപ്പോഴാണ് ആകെ ആശയക്കുഴപ്പമായത്. വിശദമായ പരിശോധനയിൽ പന്ത് ഗ്ലൗസിൽ തട്ടുന്നതായി സംശയം ഉയർന്നെങ്കിലും, സ്നിക്കോമീറ്ററിൽ അതിന്റെ തെളിവു ലഭിച്ചില്ല. ഒറ്റക്കാഴ്ചയിൽ പന്തിന്റെ ഗതി ജയ്‌സ്വാളിന്റെ ബാറ്റിന്റെ തൊട്ടടുത്തുവച്ച് വ്യതിചലിക്കുകയും, സ്നിക്കോമീറ്ററിൽ യാതൊന്നും കാണിക്കാതിരിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പത്തിലായ തേഡ് അംപയർ, ഒടുവിൽ ഔട്ട് അനുവദിക്കുകയായിരുന്നു. അംപയറിന്റെ തീരുമാനത്തിൽ തന്റെ അതൃപ്തി പരസ്യമാക്കിയാണ് ജയ്‌സ്വാൾ പലവിയനിലേക്ക് മടങ്ങിയത്. തേഡ് അംപയറിന്റെ തീരുമാനത്തിനെതിരെ കളത്തിൽത്തന്നെ പ്രതിഷേധിച്ച ജയ്‌സ്വാളിനെ, ഫീൽഡ് അംപയർമാർ ഇടപെട്ട് നിർബന്ധിച്ചാണ് പവലിയനിലേക്ക് മടക്കിയയച്ചത്.
അതേസമയം, തേഡ് അംപയറായി മറ്റാരെങ്കിലുമായിരുന്നെങ്കിൽ സാങ്കേതിക കാരണത്തിന്റെ പേരിൽ വിക്കറ്റ് നിഷേധിക്കുമായിരുന്നുവെന്ന് കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. സ്നിക്കോ മീറ്ററിൽ പന്ത് ബാറ്റിൽ സ്പർശിച്ചതിന് തെളിവില്ലെങ്കിലും, ഒറ്റനോട്ടത്തിൽ പന്ത് ഗ്ലൗസിൽ തട്ടുന്നുണ്ടെന്ന ഉറപ്പിലാണ് തേഡ് അംപയർ ഔട്ട് അനുവദിച്ചതെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയെ തള്ളി സ്വന്തം കാഴ്ചയിൽ വിശ്വസിച്ച് തേഡ് അംപയർ കൈക്കൊണ്ട തീരുമാനത്തെ മഞ്ജരേക്കർ ‘ധീരം’ എന്നാണ് വിശേഷിപ്പിച്ചത്. മുൻ ടെസ്റ്റ് അംപയർ സൈമൺ ടോഫലും തേഡ് അംപയറിന്റെ തീരുമാനത്തെ ന്യായീകരിച്ചു.