ADVERTISEMENT

ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറിയ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ നിലപാട് മയപ്പെടുത്തി. ആഗോള ചെസ് സംഘടനയായ ഫിഡെയുമായുള്ള തർക്കം ഒത്തുതീർപ്പായതോടെ, ഇന്ന് ആരംഭിച്ച ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ കാൾസൻ പങ്കെടുത്തു. കാൾസന് ജീ‍ൻസ് ധരിച്ചു പങ്കെടുക്കാൻ തക്കവിധം ഡ്രസ് കോഡിൽ മാറ്റം വരുത്തിയതായി ഫിഡെ അറിയിച്ചതോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധനാണെന്ന് മാഗ്നസ് കാൾസൻ വ്യക്തമാക്കിയത്.

നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനായ കാൾസൻ, ബ്ലിറ്റ്സിൽ നാളെ നടക്കുന്ന നോക്കൗട്ട് ഘട്ടത്തിനു യോഗ്യത നേടുകയും ചെയ്തു. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം മുതൽ ഇതു ചെയ്യാമെന്ന് മുൻ ലോക ചാംപ്യൻ നിലപാടെടുത്തു. എന്നാൽ, ഒരു കളിക്കാരനുമാത്രമായി ചട്ടം മാറ്റാനാകില്ലെന്നും ഇതേ ചട്ടലംഘനം നടത്തിയ റഷ്യൻതാരം യാൻനീപോംനീഷി പിന്നീട് നിയമം അനുസരിച്ചതും സംഘാടകർ ചൂണ്ടിക്കാട്ടി. ഇതിനു തയാറാകാതിരുന്നപ്പോൾ ഒൻപതാം റൗണ്ടിലെ പെയറിങ്ങിൽനിന്ന് കാൾസനെ ഒഴിവാക്കി. ഇതേത്തുടർന്നായിരുന്നു നോർവേ താരത്തിന്റെ പിൻമാറ്റം.

കാഷ്വൽ വസ്ത്രങ്ങളായ ജീൻസ്, ടീഷർട്ട്, സ്നീക്കർ തുടങ്ങിയവ ചാംപ്യൻഷിപ്പിൽ ധരിക്കരുതെന്നാണ് ഫിഡെ നിഷ്കർഷിച്ചിരുന്നത്. പുരുഷ താരങ്ങൾക്ക് സ്യൂട്ട്, ഷർട്ട്, പോളോ ടീഷർട്ട്, ഷൂ, ജാക്കറ്റ്, വെസ്റ്റ്, സ്വെറ്റർ തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്.വനിതകൾക്ക് ഇതിനു പുറമേ സ്കർട്ട്, ആഭരണങ്ങൾ എന്നിവയും ഉപയോഗിക്കാം. മുൻകൂട്ടി അനുവാദം വാങ്ങിയാൽ കളിക്കാർക്ക് സ്വന്തം രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിക്കാനാവും. ഈ നിബന്ധനകളിലാണ്, കാൾസനു വേണ്ടി ഫിഡെ വിട്ടുവീഴ്ച ചെയ്തത്.

English Summary:

Magnus Carlsen will compete in the Blitz Championship. The FIDE dress code has been updated to allow jeans, resolving the controversy surrounding his attire at the World Rapid Chess Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT