വടക്കഞ്ചേരിയിൽ ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; ഫിലിം എഡിറ്റർക്ക് ദാരുണാന്ത്യം
Mail This Article
വടക്കഞ്ചേരി∙ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പാമ്പാടി കൂരോപ്പട പുലിയുറുമ്പിൽ സജിയുടെയും ഷൈലയുടെയും മകൻ സനലാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണിന് (25) ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂർ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. സനലിന് ഫിലിം എഡിറ്റിങ്ങാണ് ജോലി. ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് അപകടം.
തൃശൂർ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചു. പെട്ടെന്നു ലോറി ബ്രേക്കിട്ടതാകാം അപകടകാരണമെന്നു കരുതുന്നു.