അഭിഷേക് 96 പന്തിൽ 22 ഫോറും 8 സിക്സും സഹിതം 170, പ്രഭ്സിമ്രാൻ 125; 425 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ്, സൗരാഷ്ട്ര 367 റൺസിന് പുറത്ത്
Mail This Article
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ എതിരാളികളെ നിർദാക്ഷിണ്യം പ്രഹരിക്കുന്ന ‘പഞ്ചാബി സ്റ്റൈൽ തുടരുന്നു. ക്യാപ്റ്റൻ അഭിഷേക് ശർമയും തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയുമായി തിളങ്ങിയ പ്രഭ്സിമ്രാൻ സിങ്ങും ചേർന്നതോടെ, കരുത്തരായ സൗരാഷ്ട്രയ്‌ക്കു മുന്നിൽ പഞ്ചാബ് ഉയർത്തിയത് 425 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 424 റൺസെടുത്തത്. 96 പന്തിൽ തകർത്തടിച്ച് 170 റൺസെടുത്ത അഭിഷേക് ശർമയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പ്രഭ്സിമ്രാൻ 95 പന്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്ര നിശ്ചിത 50 ഓവറിൽ 367 റൺസിന് പുറത്തായി. പഞ്ചാബിന്റെ ജയം 57 റൺസിന്. 88 പന്തിൽ 104 റൺസെടുത്ത വാസവദയാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ, മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കട് ഉൾപ്പെടെയുള്ള സൗരാഷ്ട്ര ബോളർമാരെയാണ് അഭിഷേകും പ്രഭ്സിമ്രാനും ചേർന്ന് തച്ചുതകർത്തത്. അഭിഷേക് ശർമ 96 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് 170 റൺസെടുത്തത്. പ്രഭ്സിമ്രാൻ 95 പന്തിൽ 11 ഫോറും എട്ടു സിക്സും സഹിതം 125 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ വെറും 187 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 298 റൺസാണ്. ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും രണ്ടു റൺസിന്.
ആദ്യം പ്രഭ്സിമ്രാൻ സിങ്ങും പിന്നാലെ അഭിഷേക് ശർമയും വെറും രണ്ട് ഓവറിന്റെ ഇടവേളയിൽ പുറത്തായതിനു പിന്നാലെ പഞ്ചാബ് തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും, പിരിയാത്ത ആറാം വിക്കറ്റിൽ 66 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത് അൻമോൽ മൽഹോത്ര – സൻവീർ സിങ് സഖ്യമാണ് പഞ്ചാബ് സ്കോർ 424ൽ എത്തിച്ചത്. അൻമോൽപ്രീത് 45 പന്തിൽ ആറു ഫോറുകൾ സഹിതം 48 റൺസെടുത്തും സൻവീർ സിങ് 29 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്തും പുറത്താകാതെ നിന്നു. നേഹൽ വധേര 18 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 23 റൺസെടുത്ത് പുറത്തായി.
സൗരാഷ്ട്ര നിരയിൽ പ്രണവ് കാരിയ 10 ഓവറിൽ 59 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജയ്ദേവ് ഉനദ്കട് ഒൻപത് ഓവറിൽ 90 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.