ക്യാപ്റ്റൻ രോഹിത് അഞ്ചാം ടെസ്റ്റ് കളിക്കുമോ? ഉറപ്പു പറയാതെ ഗംഭീർ; പരുക്കേറ്റ പേസർ പുറത്ത്
Mail This Article
സിഡ്നി∙ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പരിശീലകൻ ഗൗതം ഗംഭീർ. വെള്ളിയാഴ്ച രാവിലെ പിച്ച് പരിശോധിച്ച ശേഷം ടോസിന്റെ സമയത്ത് പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുമെന്നാണു ഗൗതം ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. പരിശീലകനൊപ്പം ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിനു വരാത്തതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ഗംഭീർ വാദിച്ചു.
‘‘ടീമിന്റെ ഹെഡ് കോച്ച് ഇവിടെയുണ്ട്. അതു മതിയാകുമെന്നു തോന്നുന്നു. രോഹിത് ശർമയ്ക്കു കുഴപ്പമൊന്നുമില്ല. ബോർഡർ– ഗാവസ്കർ ട്രോഫി നിലനിർത്താമെന്നതിൽ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അടുത്ത മത്സരം എങ്ങനെ ജയിക്കാം എന്ന കാര്യത്തിൽ മാത്രമാണു ചർച്ചകൾ നടക്കുന്നത്’’– ഗംഭീർ വ്യക്തമാക്കി. ബാറ്റിങ്ങിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ രോഹിത് ശർമ പ്ലേയിങ് ഇലവനിൽനിന്ന് സ്വയം ഒഴിഞ്ഞേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. സിഡ്നി ടെസ്റ്റിനു ശേഷം രോഹിത് വിരമിക്കാനും സാധ്യതയുണ്ട്.
ബോർഡർ– ഗാവസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ, 31 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. മെൽബൺ ടെസ്റ്റിൽ ഓപ്പണിങ് ബാറ്ററായി കളിച്ചിട്ടും രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് അഞ്ചാം ടെസ്റ്റിൽ ക്യാപ്റ്റൻ തന്നെ പുറത്തിരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്. അതേസമയം പേസ് ബോളർ ആകാശ് ദീപ് സിഡ്നി ടെസ്റ്റിൽ കളിക്കില്ലെന്ന് ഗൗതം ഗംഭീർ സ്ഥിരീകരിച്ചു. നടുവിനു പരുക്കുള്ള താരം വിശ്രമത്തിലാണെന്നും ഗംഭീർ പ്രതികരിച്ചു.